ദിയോപ്‌, ഇതാ സെനെഗൽ

ഇക്വഡോറിനെതിരെ സെനെഗലിന്റെ വിജയഗോൾ നേടിയ കാലിദു കൗലിബാലിയുടെ ആഘോഷം image credit FIFA WORLD CUP twitter


ദോഹ പാപാ ബൗബാ ദിയോപിന്റെ ഓർമദിനത്തിലാണ്‌ സെനെഗൽ പ്രീക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌. രണ്ടുപതിറ്റാണ്ടുമുമ്പ്‌ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ച ഗോൾ നേടിയ ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായിരുന്നു ദിയോപ്‌. രോഗബാധിതനായിരുന്ന നാൽപ്പത്തിരണ്ടുകാരൻ രണ്ടുവർഷംമുമ്പ്‌ നവംബർ 29നാണ്‌ മരിച്ചത്‌. ഈ ലോകകപ്പിൽ ഇക്വഡോറിനെതിരെ സെനെഗലിന്റെ നിർണായക മത്സരം അതേദിവസമായി. ക്യാപ്‌റ്റൻ കാലിദു കൗലിബാലി ദിയോപിന്റെ ജേഴ്‌സി നമ്പറായ 19 ആംബാൻഡായി അണിഞ്ഞാണ്‌ കളത്തിൽ ഇറങ്ങിയത്‌. കൗലിബാലിയാണ്‌ വിജയഗോൾ നേടിയത്‌. സ്‌റ്റേഡിയത്തിൽ നിറഞ്ഞ കാണികളും ഓർമ പുതുക്കി.മൂന്നാംലോകകപ്പ്‌ കളിക്കുന്ന സെനെഗൽ 2002ൽ അരങ്ങേറ്റത്തിൽ ഉറുഗ്വേയെയും ഫ്രാൻസിനെയും മറികടന്ന്‌ പ്രീ ക്വാർട്ടറിലെത്തി. സ്വീഡനെ തോൽപ്പിച്ച്‌ ക്വാർട്ടറിൽ കടന്നു. ഒടുവിൽ തുർക്കിയോട്‌ തോറ്റു. പിന്നീട്‌ 16 വർഷം കഴിഞ്ഞ്‌ 2018ൽ അത്ഭുതം ആവർത്തിക്കാനായില്ല. ഗ്രൂപ്പുഘട്ടം കടന്നില്ല. സാദിയോ മാനെയെന്ന ബയേൺ മ്യൂണിക് സ്‌ട്രൈക്കറുടെ ബൂട്ടിൽ വിശ്വസിച്ചായിരുന്നു ലോകകപ്പിന്‌ ഒരുങ്ങിയത്‌. എന്നാൽ, കിക്കോഫിന്‌ മുമ്പുതന്നെ മാനേ പരിക്കേറ്റ്‌ പുറത്തായി. എന്നിട്ടും മൂർച്ചയുള്ള ആക്രമണവുമായി ടീം കളംനിറയുന്നു. ഫ്രാൻസിനെ അട്ടിമറിച്ച ടീമിന്റെ ക്യാപ്‌റ്റനായിരുന്ന അലിഒയു സിസെ ഏഴുവർഷമായി കോച്ചിന്റെ റോളിലാണ്‌. സിസെയുടെ വരവ്‌ ടീമിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. തുടർച്ചയായി രണ്ടുതവണ ലോകകപ്പിന്‌ യോഗ്യത നേടി. ഇക്കുറി ഗ്രൂപ്പ്‌ എയിൽ ആദ്യകളി നെതർലൻഡ്‌സിനോട്‌ രണ്ട്‌ ഗോളിന്‌ തോറ്റു. ഖത്തറിനെ 3–-1ന്‌ പരാജയപ്പെടുത്തി. ഒടുവിൽ ഇക്വഡോറിനെതിരെ ഒന്നിനെതിരെ രണ്ട്‌ ഗോൾ ജയം. ഇനി ഇംഗ്ലണ്ടുമായാണ്‌ പോരാട്ടം. അത്ഭുതം കാട്ടാനാകുമെന്ന്‌ സെനെഗൽ പ്രതീക്ഷിക്കുന്നു. ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ 13 ആഫ്രിക്കൻ രാജ്യങ്ങളാണ്‌ യോഗ്യത നേടിയിട്ടുള്ളത്‌. അതിൽ മൂന്ന്‌ രാജ്യങ്ങൾ ക്വാർട്ടർ ഫൈനലിലെത്തി. 1990ൽ കാമറൂണും 2002ൽ സെനെഗലും 2010ൽ ഘാനയും മുന്നേറി. മൂന്ന്‌ ടീമുകൾക്കും സെമിയിൽ കടക്കാനായില്ല. ഇക്കുറി അഞ്ച്‌ ടീമുകൾക്കാണ്‌ ലോകകപ്പിന്‌ യോഗ്യത കിട്ടിയത്‌. ഗ്രൂപ്പ്‌ ‘എ’യിൽനിന്ന്‌ സെനെഗൽ പ്രീക്വാർട്ടറിൽ കടന്നു. ടുണീഷ്യ, മൊറോക്കോ, കാമറൂൺ, ഘാന ടീമുകൾ എന്നിവയാണ്‌ മറ്റ്‌ ആഫ്രിക്കൻ ടീമുകൾ. Read on deshabhimani.com

Related News