എഫ്‌എ കപ്പ്‌ : ലംപാർഡ്‌ x അർടേറ്റ ; ഫൈനലിൽ ഇന്ന്‌ ചെൽസി x അഴ്‌സണൽ



ലണ്ടൻ ഇംഗ്ലണ്ടിൽ ഇന്ന്‌ രണ്ട്‌ പുത്തൻതലമുറ പരിശീലകരുടെ അരങ്ങ്‌. എഫ്‌എ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ ചെൽസിയും അഴ്‌സണലും പോരടിക്കുമ്പോൾ അരങ്ങത്ത്‌ രണ്ട്‌ യുവ പരിശീലകരാണ്‌. ഫ്രാങ്ക്‌ ലംപാർഡും മൈക്കേൽ അർടേറ്റയും. പരിശീലക കുപ്പായത്തിൽ ഇരുവരുടെയും കന്നി സീസണായിരുന്നു ഇത്‌. ആദ്യ പ്രധാന കിരീടമാണ്‌ ഇവർ ലക്ഷ്യമിടുന്നത്‌. വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ്‌ കളി. മാഞ്ചസ്‌റ്റർ സിറ്റിയിൽ പെപ്‌ ഗ്വാർഡിയോളയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന അർടേറ്റ കഴിഞ്ഞ ഡിസംബറിലാണ്‌ അഴ്‌സണലിന്റെ പരിശീലകനായി എത്തുന്നത്‌. ഗ്വാർഡിയോളയുടെ സിറ്റിയോട്‌ 0–-3ന്‌ തകർന്നടിഞ്ഞശേഷമാണ്‌ അഴ്‌സണലിൽ അർടേറ്റ പുതിയ തുടക്കം കുറിക്കുന്നത്‌. ഗുരുവിന്റെ സംഘത്തെ വെംബ്ലിയിൽ 2–-0ന്‌ തകർത്തായിരുന്നു  എഫ്‌എ കപ്പ്‌ ഫൈനലിലേക്കുള്ള അർടേറ്റയുടെ കുതിപ്പ്‌. 38 വയസ്സാണ്‌ ഈ സ്‌പാനിഷുകാരന്‌.  അഴ്‌സണൽ ചാമ്പ്യൻമാരായാൽ ക്യാപ്‌റ്റൻ, പരിശീലകൻ എന്നീ നിലകളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാകും അർടേറ്റ. നാൽപ്പത്തിരണ്ട്‌ വയസ്സുള്ള ലംപാർഡ്‌ ചെൽസിക്ക്‌ നൽകിയത്‌ പുത്തനുണർവാണ്‌. യുവ കളിക്കാർക്ക്‌ കൂടുതൽ അവസരം കൊടുക്കുന്നു. ഒപ്പം മുതിർന്ന കളിക്കാരെയും വിശ്വാസത്തിലെടുത്തു. ഒളിവർ ജിറൂ ലംപാർഡിന്‌ കീഴിൽ ഏറെമാറി. മാർകോസ്‌ അലോൺസോയും മികവ്‌ കണ്ടെത്തി. സെമിയിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ കീഴടക്കിയാണ്‌ ചെൽസി മുന്നേറിയത്‌. അടുത്ത സീസൺ ചാമ്പ്യൻസ്‌ ലീഗ്‌ ഉറപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ലംപാർഡിനുണ്ട്‌. കളിക്കാരനായി 2009ൽ ചെൽസിക്കൊപ്പം  ലംപാർഡ്‌ എഫ്‌എ കപ്പ്‌ നേടിയിട്ടുണ്ട്‌. Read on deshabhimani.com

Related News