നേഷൻസ് കപ്പ് ഫുട്ബോൾ ; ഇറ്റലി കുതിച്ചു ; ഇംഗ്ലണ്ട്–ജർമനി സമനില



ബുഡാപെസ്‌റ്റ് ഹംഗറിയെ കീഴടക്കി ഇറ്റലി നേഷൻസ് കപ്പ് ഫുട്ബോൾ സെമിഫെെനലിൽ. ലോകകപ്പിന് യോഗ്യത നഷ്ടമായ ഇറ്റലിക്ക് ആശ്വാസമായി നേഷൻസ് കപ്പിലെ ഈ പ്രകടനം. അതേസമയം വമ്പന്മാരായ ഇംഗ്ലണ്ടിനും ജർമനിക്കും മുന്നേറാനായില്ല. ഇരുടീമുകളും മൂന്നുവീതം ഗോളടിച്ച് പിരിഞ്ഞു. ഗ്രൂപ്പിൽ ഹംഗറിക്ക് മുന്നേറാൻ സ്വന്തം തട്ടകത്തിൽ സമനിലമാത്രം മതിയായിരുന്നു. ഇംഗ്ലണ്ടിനെ രണ്ടുതവണയും ജർമനിയെ ഒരുതവണയും തോൽപ്പിച്ച ഹംഗറി മികച്ച ഫേ-ാമിലായിരുന്നു. എന്നാൽ, ഇറ്റലിക്കുമുമ്പിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. രണ്ട് ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. ജിയാകോമോ റാസ്-പഡോറി, ഫെഡെറികോ ഡിമാർകോ എന്നിവർ ലക്ഷ്യംകണ്ടു. ജർമനിയും ഇംഗ്ലണ്ടും ഉൾപ്പെട്ട ഗ്രൂപ്പിൽ മികച്ച പ്രകടനമാണ് ഇറ്റലി പുറത്തെടുത്തത്. ആറുകളിയിൽ മൂന്നുജയവും രണ്ടുസമനിലയും ഒരുതോൽവിയും. ജർമനിയോടാണ് തോറ്റത്. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി തിരിച്ചുവന്നു. അതേസമയം, ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിനും ജർമനിക്കും  കനത്ത തിരിച്ചടിയാണ്. ഇംഗ്ലണ്ടിന് ഒരുകളിപോലും ജയിക്കാനായിട്ടില്ല. ജർമനിക്ക് ജയിക്കാനായത് ഒരുകളി. ജർമനിക്കെതിരെ രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷം സമനില പിടിക്കാനായെങ്കിലും ഈ പ്രകടനം ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ഗേറ്റിന് ആശ്വാസം നൽകുന്നില്ല. കെയ് ഹവേർട്ട്സ് ജർമനിക്കായി ഇരട്ടഗോളടിച്ചു. ഒരുഘട്ടത്തിൽ ഇകായ് ഗുൺഡോവന്റെയും ഹവേർട്ട്സിന്റെയും ഗോളുകളിൽ ജർമനി മുന്നിലെത്തി. ലൂക്ക് ഷാ, മാസൺ മൗണ്ട്, ഹാരി കെയ്ൻ എന്നിവരിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. എന്നാൽ, കളിതീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ഹവേർട്ട്സ് ഇംഗ്ലണ്ടിന്റെ വിജയമോഹം കെടുത്തി.  ഇറ്റലിയെക്കൂടാതെ ക്രൊയേഷ്യ, നെതർലൻഡ്സ് ടീമുകളും സെമിയിലെത്തി. Read on deshabhimani.com

Related News