കായിക സർട്ടിഫിക്കറ്റുകൾ ‌ഏകീകരിക്കും, കായിക സംഘടനകളിലെ പിളർപ്പ് ഇല്ലാതാക്കും : യു ഷറഫലി



തിരുവനന്തപുരം കേരളത്തിലെ കായികമേഖലയിൽ വിതരണം ചെയ്യുന്ന എല്ലാ സർട്ടിഫിക്കറ്റുകളും ‌ഏകീകൃത പ്രക്രിയയിൽ വിതരണം ചെയ്യുമെന്ന്‌ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി. കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള ചർച്ചയിൽ ഈ നിർദേശം  മുന്നോട്ടുവച്ചിട്ടുണ്ട്‌. ഒരുമാസത്തിനുള്ളിൽ ഇതിനുള്ള സംവിധാനം നിലവിൽ വരും. കായിക സംഘടനകളിലെ പിളർപ്പ് ഇല്ലാതാക്കി അവരെ ഒരുമിച്ച്‌ കാെണ്ടുപോകുകയാണ്‌ പ്രധാന ലക്ഷ്യം. പ്രസിഡന്റായി ചുമതലയേറ്റശേഷം കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ‘മീറ്റ്‌ ദ പ്രസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായി ചേർന്ന് കായികരംഗം മെച്ചപ്പെടുത്താനുള്ള ആത്മാർഥശ്രമം ഉണ്ടാകും. സ്പോർട്സ് കൗൺസിലിന്റെ സാമ്പത്തികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടിയുണ്ടാകും. കൗൺസിലിന് സ്വന്തമായി ഫണ്ട് കണ്ടെത്താനുള്ള പദ്ധതി ആലോചിക്കും. ഹോസ്റ്റലുകളിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണും. വിരമിച്ച ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിൽ ആസ്ഥാനത്ത് എത്തിയ ഷറഫലിയെ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം ആർ രഞ്ജിത്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എ ലീന, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീർ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിച്ചു. ചുമതലയേറ്റശേഷം കായികമന്ത്രിയുമായി രണ്ടുമണിക്കൂറോളം ചർച്ച നടത്തി. Read on deshabhimani.com

Related News