സുരക്ഷാ പ്രശ്‌നം: ന്യൂസിലൻഡ്‌ പാകിസ്ഥാൻ പരമ്പര റദ്ദാക്കി ; തീരുമാനം അവസാന നിമിഷം



റാവൽപിണ്ടി മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരയിൽനിന്ന് ന്യൂസിലൻഡ് പിന്മാറി. സുക്ഷാപ്രശ്നങ്ങൾ ഉയർത്തിയാണ് പിന്മാറ്റം. റാവൽപിണ്ടിയിൽ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പായിരുന്നു നാടകീയ നീക്കങ്ങൾ. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി–20യുമായിരുന്നു പരമ്പരയിൽ. കഴിഞ്ഞ ദിവസമായിരുന്നു ആദ്യ ഏകദിനം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും ന്യൂസിലൻഡ് താരങ്ങൾ ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയില്ല. കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അൽപ്പസമയത്തിനുശേഷമാണ് ന്യൂസിലൻഡിന്റെ ഭാഗത്ത് ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത്. ന്യൂസിലൻഡ്‌ സർക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ് പരിഗണിച്ച് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരയിൽനിന്ന് പിന്മാറുകയാണെന്ന് അവർ അറിയിച്ചു. പിന്നാലെ ടീം ന്യൂസിലൻഡിലേക്ക് മടങ്ങാൻ ഒരുങ്ങുകയും ചെയ്തു. ‘പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഈ തീരുമാനം വലിയ ആഘാതമുണ്ടാക്കുമെന്ന് അറിയാം. നല്ല ആതിഥേയരായിരുന്നു അവർ. പക്ഷേ, എല്ലാത്തിനെക്കാളും ഞങ്ങൾക്ക് കളിക്കാരുടെ സുരക്ഷയാണ് മുഖ്യം’ ന്യൂസിലൻഡ് ക്രിക്കറ്റ് തലവൻ ഡേവിഡ് വെെറ്റ് പറഞ്ഞു. സർക്കാർതല ചർച്ചകളുമുണ്ടായി. അതിനിടെ ന്യൂസിലൻഡിന്റെ പിന്മാറ്റത്തെ പിസിബി തലവൻ റമീസ് രാജ ശക്തമായി വിമർശിച്ചു. ‘ഏകപക്ഷീയമായ നടപടിയാണ് ന്യൂസിലൻഡിന്റേത്. സുരക്ഷാപ്രശ്നങ്ങൾ കാട്ടി പരമ്പര ഉപേക്ഷിച്ച് മടങ്ങാനുള്ള അവരുടെ ഏകപക്ഷീയ തീരുമാനം അസ്വസ്ഥതയുണ്ടാക്കുന്നു. എവിടെയാണ് പ്രശ്നമെന്ന് അവർ അറിയിച്ചില്ല. ഏത് ലോകത്താണ് അവർ ജീവിക്കുന്നത്’– റമീസ് രാജ കുറ്റപ്പെടുത്തി. പര്യടനം ഉപേക്ഷിക്കാനുള്ള ന്യൂസിലൻഡിന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമും പ്രതികരിച്ചു. പതിനെട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ന്യൂസിലൻഡ് ടീം പാകിസ്ഥാനിലെത്തിയത്. അടുത്തമാസം ഇംഗ്ലണ്ട് പുരുഷ, വനിതാ ടീമുകളും പാകിസ്ഥാൻ പര്യടനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടും പിന്മാറിയേക്കും. Read on deshabhimani.com

Related News