ദേശീയ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌: കേരളത്തിന്‌ തോൽവിയോടെ തുടക്കം

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ വനിതാ ഫുടബോളിൽ കേരളാ താരം മാനസയുടെ മുന്നേറ്റം തടയുന്ന മിസ്സോറാമിന്റെ ഗോൾ കീപ്പർ ലാൽഹുറൈസ്‌ലി കിയാങ്റ്റെ. ഫോട്ടോ: ബിനുരാജ്


കോഴിക്കോട്‌ > ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ തോൽവിയോടെ തുടക്കം. അവസാന നിമിഷം വരെ ആവേശം നീണ്ട വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്കാണ്‌ മിസോറം കേരളത്തെ തോൽപ്പിച്ചത്‌. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അധിക സമയത്ത്‌ വഴങ്ങിയ ഗോളാണ്‌ ആതിഥേയർക്ക്‌ തോൽവി സമ്മാനിച്ചത്‌. ആദ്യപകുതിയിൽ ഒരു ഗോളിന്‌ മുന്നിട്ടുനിന്ന ശേഷമാണ്‌ രണ്ടാം പകുതിയിൽ കേരളം രണ്ട്‌ ഗോൾ വഴങ്ങിയത്‌. മത്സരത്തിന്റെ 39ാം മിനിറ്റിൽ സൂപ്പർ താരം ഗ്രേസ്‌ ലാൽറാംപരിയുടെ പെനാൽറ്റി ഗോളിൽ മിസോറാമാണ്‌ ആദ്യം മുന്നിലെത്തിയത്‌. ഗോൾ വഴങ്ങിയതോടെ പൊരുതിക്കളിച്ച കേരളം 44ാം മിനിറ്റിൽ മിസോറാമിന്‌ മറുപടി നൽകി. കെ വി അതുല്യയിലൂടെയായിരുന്നു കേരളത്തിന്റെ സമനില ഗോൾ. തൊട്ടടുത്ത മിനിറ്റിൽ ഫെമിന രാജ്‌ വളപ്പിലിന്റെ ഗോളിലൂടെ കേരളം ലീഡ്‌ നേടിയെങ്കിലും രണ്ടാം പകുതിയിൽ മിസോറം തിരിച്ചടിക്കുകയായിരുന്നു. എലിസബത്ത്‌ വൻലാൽമാവിയിലൂടെ 79 ാം മിനിറ്റിൽ മിസോറം രണ്ടാം ഗോൾ നേടി. സ്‌കോർ 2‐2. മത്സരം സമനിലയിൽ അവസാനിക്കുമെന്ന്‌ തോന്നിയ രണ്ടാം പകുതിയുടെ അധിക സമയത്ത്‌ ലാൽനുൻ സിയാമി (90+3)യാണ്‌ മിസോറാമിന്‌ വിജയം സമ്മാനിച്ചത്‌.   കേരള ക്യാപ്‌റ്റനും മധ്യനിര താരവുമായ ടി നിഖില 35ാം മിനിറ്റിൽ പരിക്കേറ്റ്‌ കളിയിൽനിന്ന്‌ പിൻവാങ്ങിയതും കേരളത്തിന്‌ തിരിച്ചടിയായി. 30ന്‌ രാവിലെ ഒമ്പതരയ്‌ക്ക്‌ ഉത്തരാഖണ്ഡുമായും ഡിസംബർ രണ്ടിന്‌ മധ്യ പ്രദേശുമായാണ്‌ കേരളത്തിന്റെ അടുത്ത ഗ്രൂപ്പ്‌ മത്സരങ്ങൾ.     Read on deshabhimani.com

Related News