ദേശീയ സ്‌കൂൾ മീറ്റ്‌: കേരളത്തിന്‌ മൂന്ന്‌ സ്വർണം



ഭോപ്പാൽ> ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌സിൽ കേരളത്തിന്‌ സ്വർണത്തിളക്കം. സീനിയർ (അണ്ടർ 19) വിഭാഗം മത്സരത്തിന്റെ രണ്ടാംദിനം മൂന്നുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. 42 പോയിന്റുമായി കേരളം ഒന്നാമതാണ്‌. പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണമണിഞ്ഞ്‌ എസ്‌ മേഘ വേഗക്കാരിയായി. പാലക്കാട്‌ പുളിയപറമ്പ്‌ എച്ച്‌ എസ്‌എസ്‌ വിദ്യാർഥിയായ മേഘ 12.22 സെക്കൻഡിലാണ്‌ ഒന്നാമതെത്തിയത്‌. ഡൽഹിയുടെ ഋതുഭംഗരിയ്‌ക്കാണ്‌ വെള്ളി. കേരളത്തിന്റെ വി നേഹ ഏഴാമതായി. ക്യാപ്‌റ്റനായ പി അഭിരാം 400 മീറ്ററിൽ 49.03 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌ത്‌ സ്വർണം നേടി. സിഎഫ്‌ഡി എച്ച്‌എസ്‌എസ്‌ മാത്തൂരിലെ വിദ്യാർഥിയാണ്‌. ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ പി മുഹമ്മദ്‌ ഷാൻ, സി പി അബ്‌ദുൽ റൗഫ്‌, ബേസിൽ ബിനോയ്‌, സി വി അനുരാഗ്‌ എന്നിവർ ചേർന്ന്‌ 42.45 സെക്കൻഡിൽ സ്വർണം ഓടിയെടുത്തു. സ്വർണം പ്രതീക്ഷിച്ച പെൺകുട്ടികളുടെ 4 x 100 റിലേയിൽ വെള്ളിയിലൊതുങ്ങി. സി അനുഗ്രഹ, സ്‌റ്റെമി അമരിയ, വി നേഹ, എസ്‌ മേഘ എന്നിവരാണ്‌ മെഡൽ നേടിയത്‌. ബംഗാളാണ്‌ ഒന്നാമത്‌. 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം സായിയിലെ സാന്ദ്രമോൾ സാബു 57.83 സെക്കൻഡിൽ വെള്ളി കരസ്ഥമാക്കി. മഹാരാഷ്‌ട്രയുടെ ശ്രാവണി സാംഗ്ലെയ്‌ക്കാണ്‌ ഒന്നാംസ്ഥാനം. ആൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ കടകശേരി ഐഡിയൽ സ്‌കൂളിലെ മുഹമ്മദ്‌ മുഹസിൻ 14.49 മീറ്റർ ചാടി വെള്ളിയെടുത്തു. പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ സ്‌കൂളിലെ എസ്‌ ആരതി 2.60 മീറ്റർ ചാടി വെങ്കലം നേടി. രണ്ടാംദിവസം 16 ഇനങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി കേരളവും ബാംഗാളും ഒപ്പത്തിനൊപ്പമുണ്ട്‌. ഹരിയാനയ്‌ക്ക്‌ 39 പോയിന്റാണുള്ളത്‌. ഇന്ന്‌ 12 ഇനങ്ങളിൽ ഫൈനൽ നടക്കും. ആൺകുട്ടികളുടെ 100 മീറ്ററിൽ മഹാരാഷ്‌ട്രയുടെ റൗട്ട്‌ ഹർഷ്‌ 10.85 സെക്കൻഡിൽ ഒന്നാമതെത്തി മീറ്റിലെ വേഗക്കാരനായി. കേരളത്തിന്റെ സി വി അനുരാഗ്‌ ആറാമതാണ്‌. പെൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ ബംഗാളിന്റെ നൂപുർ പാണ്ഡെക്കാണ്‌ സ്വർണം. ഇ എസ്‌ ശിവപ്രിയ ഏഴാംസ്ഥാനത്താണ്‌. നീന്തലിൽ ആർ രുഹ്നു കൃഷ്‌ണ രണ്ടാം മെഡൽ സ്വന്തമാക്കി. 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ രണ്ടാം സ്ഥാനമാണ്‌. തിരുവനന്തപുരം വട്ടിയൂർകാവ്‌ ജിവിഎച്ച്‌എസ്‌എസ്‌ വിദ്യാർഥി 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ സ്വർണമുണ്ടായിരുന്നു.200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ തിരുവനന്തപുരം തിരുവല്ലം ബിഎൻവിവി ആൻഡ് എച്ച്എസ്എസിലെ അഖിൽ എ കുമാർ വെള്ളി നേടി. ഗുസ്‌തിയിൽ 68 കിലോഗ്രാം വിഭാഗത്തിൽ ആന്ദ്രിയ സ്‌റ്റീഫന്‌ വെങ്കലമുണ്ട്‌. ഭാരോദ്വഹനം 55 കിലോയിൽ അനഖിൻ വർഗീസ് മൂന്നാംസ്ഥാനം നേടി.   Read on deshabhimani.com

Related News