ജാസിമിന്റെ സ്വർണച്ചാട്ടം

ചിത്രം പകർത്തിയത് സോജൻ ഫിലിപ്


ഭോപ്പാൽ മുഹമ്മദ്‌ ജാസിമിന്റെ സ്വർണച്ചാട്ടം മാനംകാത്തു. ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌സിൽ ഇന്നലെ കേരളത്തിന്‌ കിട്ടിയത്‌ ഒറ്റ മെഡൽ. ആൺകുട്ടികളുടെ ഹൈജമ്പിൽ 1.99 മീറ്റർ ചാടിയാണ്‌ തിരുവനന്തപുരം ജിവി രാജയിലെ ജാസിം ഒന്നാമതെത്തിയത്‌. മീറ്റ്‌ ഇന്ന്‌ അവസാനിക്കാനിരിക്കെ കേരളത്തിന്‌ കിരീടം നേടുക എളുപ്പമല്ല. 12 ഇനങ്ങളിലാണ്‌ അവസാന ദിവസം മെഡൽ നിശ്‌ചയിക്കുക. ബോക്സിങ്ങിൽ കേരളത്തിന് മൂന്ന് വെങ്കലം കിട്ടി. പന്ത്രണ്ട്  ഇനങ്ങളിലായിരുന്നു ഇന്നലെ ഫെെനൽ. മഹാരാഷ്‌ട്രയുടെ ശ്രാവണി സാംഗ്ലെ 400 മീറ്റർ ഹർഡിൽസിലും പൊന്നണിഞ്ഞ്‌ ഡബിൾ തികച്ചു. കേരളത്തിന്റെ സി എസ്‌ കൃഷ്‌ണപ്രിയ നാലാമതായി.  വനിതകളുടെ ഹൈജമ്പിൽ പഞ്ചാബിന്റെ റിംപാൽ കൗറിനാണ്‌ സ്വർണം. എ അനുപ്രിയ നാലാമതായി. പെൺകുട്ടികളുടെ ബോക്സിങ് 75 കിലോ വിഭാഗത്തിൽ ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച് എസ്എസിലെ ഹാജറ നസ്റീനും 81 കിലോയിൽ ജി വി രാജയിലെ എയ്ഞ്ചൽ മറിയം വർഗീസും 81 കിലോ മുകളിലുള്ളവരുടെ വിഭാഗത്തിൽ അശ്വിനി ബിജുവും വെങ്കലം നേടി. ഇന്ന്‌ നടക്കുന്ന രണ്ട്‌ റിലേകളിലും ലോങ്ജമ്പിലുമാണ്‌ പ്രതീക്ഷ. ലോങ്ജമ്പിൽ ജെ അക്ഷയ്‌, സി വി അനുരാഗ്‌, ഡി ഷീബ, ഇ എസ്‌ ശിവപ്രിയ എന്നിവർ ഫൈനലിലെത്തി. 200 മീറ്ററിൽ വി നേഹയും എസ്‌ മേഘയുമുണ്ട്‌. 800 മീറ്ററിൽ ആന്റോ ആന്റണിയും  ജാവ്‌ലിൻത്രോയിൽ ഐശ്വര്യ സുരേഷും മത്സരിക്കും. ഹോക്കിയിൽ ആൺകുട്ടികൾ മഹാരാഷ്‌ട്രയുമായി 2–-2 സമനിലയായി. പെൺകുട്ടികൾ ആന്ധ്രയെ 6–0ന്‌ കീഴടക്കി. Read on deshabhimani.com

Related News