ദേശീയ സ്‌കൂൾ ഗെയിംസിന്‌ ഇന്ന്‌ തുടക്കം

ഭോപാലിലെ ടി ടി നഗർ സ്റ്റേഡിയത്തിൽ 
കേരള ടീം പരിശീലനത്തിൽ


ഭോപ്പാൽ മൂന്നു വർഷത്തെ ഇടവേളയ്‌ക്കുശേഷം ദേശീയ സ്‌കൂൾ ഗെയിംസിന്‌ ഇന്ന്‌ മൂന്ന്‌ വേദികളിൽ തുടക്കം. ഇക്കുറി സീനിയർ (അണ്ടർ 19) വിഭാഗത്തിൽ മാത്രമാണ്‌ മത്സരം. അത്‌ലറ്റിക്‌സ്‌ മധ്യപ്രദേശിലെ ഭോപ്പാൽ ടിടി നഗർ സ്‌റ്റേഡിയത്തിലാണ്‌. വോളിബോൾ, ഫുട്‌ബോൾ, ടേബിൾ ടെന്നീസ്‌, ജൂഡോ, ബോക്‌സിങ് ഇനങ്ങളും ഭോപ്പാലിലാണ്‌. ഗ്വാളിയറിൽ ഹോക്കിയും ബാഡ്‌മിന്റണും നടക്കും. നീന്തൽ, ബാസ്‌കറ്റ്‌ബോൾ, ഗുസ്‌തി, തായ്‌ക്വൻഡോ, യോഗ, ഖൊ ഖൊ, കബഡി, ഷൂട്ടിങ്, ചെസ്‌, ടെന്നീസ്‌, ഹാൻഡ്‌ബോൾ, ഭാരോദ്വഹനം, ജിംനാസ്‌റ്റിക്‌സ്‌ ഇനങ്ങൾ ഡൽഹിയിലാണ്‌. 21 ഇനങ്ങളിൽ കേരളത്തിന്‌ 499 അംഗസംഘം. അത്‌ലറ്റിക്‌സിൽ കഴിഞ്ഞ 20 വർഷമായി ചാമ്പ്യൻമാരാണ്‌ കേരളം. 65 അംഗ ടീമിനെ അണിനിരത്തുന്നു. 38 ആൺകുട്ടികളും 27 പെൺകുട്ടികളും. 40 ഇനങ്ങളിലാണ്‌ മത്സരം. അവസാന ദേശീയ മീറ്റ്‌ നടന്നത്‌ 2019 ഡിസംബറിൽ പഞ്ചാബിലെ സംഗ്രൂറിലാണ്‌. എട്ട്‌ സ്വർണവും ആറ്‌ വെള്ളിയും 10 വെങ്കലവുമടക്കം 159 പോയിന്റോടെയാണ്‌ കേരളം ജേതാക്കളായത്‌. മഹാരാഷ്‌ട്ര (114) രണ്ടും ഹരിയാന (107) മൂന്നും സ്ഥാനം നേടി. പെൺകുട്ടികളുടെ കരുത്തിലായിരുന്നു കേരളത്തിന്റെ മുന്നേറ്റം. 101 പോയിന്റായിരുന്നു സമ്പാദ്യം. ആൺകുട്ടികൾ 58 പോയിന്റ്‌ നേടി. കോവിഡ്‌ മൂലം 2020ലും 2021ലും ദേശീയ മീറ്റ്‌ നടന്നില്ല. സംഘാടകരായ ദേശീയ സ്‌കൂൾ ഗെയിംസ്‌ ഫെഡറേഷനെ കേന്ദ്ര സർക്കാർ സസ്‌പെൻഡ്‌ ചെയ്‌തതിനാൽ 2022ലും  ദേശീയ മത്സരങ്ങളുണ്ടായില്ല. ഫെഡറേഷൻ പുനഃസംഘടിപ്പിച്ചപ്പോൾ സീസൺ കഴിഞ്ഞെങ്കിലും മീറ്റ്‌ നടത്താൻ തീരുമാനിക്കുകയായിരുന്നു. സബ്‌ ജൂനിയർ, ജൂനിയർ വിഭാഗം ഒഴിവാക്കി. മീറ്റിന്റെ ആദ്യ ദിവസമായ ഇന്ന്‌ മൂന്ന്‌ ഫൈനലാണുള്ളത്‌. ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്തം, പെൺകുട്ടികളുടെ ഹാമർത്രോ, മൂന്ന്‌ കിലോമീറ്റർ നടത്തം എന്നിവയിൽ മെഡൽ ജേതാക്കളെ നിശ്‌ചയിക്കും.   Read on deshabhimani.com

Related News