ദേശീയ ഗെയിംസ്‌ : കേരളത്തിന്‌ 
ജയത്തുടക്കം ; നെറ്റ്ബോളിൽ ബിഹാറിനെ കീഴടക്കി

ദേശീയ ഗെയിംസ് നെറ്റ്ബോളിൽ ബിഹാറിനെതിരായ മത്സരത്തിൽ 
 കേരളത്തിന്റെ ജിതിൻ മാത്യുവിന്റെ മുന്നേറ്റം/ ഫോട്ടോ: പി വി സുജിത്ത്


അഹമ്മദാബാദ് ദേശീയ ഗെയിംസിൽ കേരളത്തിന് ജയത്തോടെ തുടക്കം. നെറ്റ്ബോളിൽ കേരള പുരുഷന്മാർ ബിഹാറിനെ കീഴടക്കി (83–-41). ഭവ്നഗറിൽ നടന്ന കളിയിൽ വ്യക്തമായ മേധാവിത്വം കേരളത്തിനായിരുന്നു. അരുൺ ഫ്രാൻസിസ്, ഹരികൃഷ്ണൻ എന്നിവർ ആക്രമണത്തിലും എച്ച് ഹംസ, ക്യാപ്റ്റൻ പി പി ജോസ്‌മോൻ, ടി എം റിജാസ് എന്നിവർ പ്രതിരോധത്തിലും തിളങ്ങിയപ്പോൾ ടീമിന് ജയം അനായാസമായി. ഗോൾഷൂട്ടർ അരുൺ ഫ്രാൻസിസ് (27), ഗോൾ അറ്റാക്കർമാരായ ഹരികൃഷ്ണൻ (22), അനിരുദ്ധൻ (15) എന്നിവർ കൂടുതൽ പോയിന്റുകൾ നേടി. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് തെലങ്കാനയുമായാണ് കളി. ജയിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കാം. നിലവിൽ വെങ്കലമെഡൽ ജേതാക്കളാണ് കേരളം. പുരുഷവിഭാഗം മറ്റുമത്സരങ്ങളിൽ ഹരിയാന ഗുജറാത്തിനെയും (60–--47) മധ്യപ്രദേശ് പഞ്ചാബിനെയും (53–-39) തോൽപ്പിച്ചു. തെലങ്കാനയും ഡൽഹിയും തമ്മിലുള്ള മത്സരം സമനിലയിലായി (46–--46). കേരള ഫുട്‌ബോൾ ടീമിനെ ഗോൾകീപ്പർ വി മിഥുൻ നയിക്കും. ഒക്‌ടോബർ രണ്ടിന്‌ ഒഡിഷയോടാണ്‌ ആദ്യകളി. നാലിന്‌ സർവീസസിനെയും ആറിന്‌ മണിപ്പൂരിനെയും നേരിടും. കേരളത്തിന്റെ അത്‌ലറ്റിക്‌സ്‌ സംഘം അടക്കമുള്ള 102 കളിക്കാർ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു. അസോസിയേഷന്റെ ഹർജി തള്ളി , വോളിബോൾ ടീമിന്റെ ആശങ്ക നീങ്ങി ദേശീയ ഗെയിംസ് വോളിബോളിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത ടീമിന് പങ്കെടുക്കാം. അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വോളിബോൾ അസോസിയേഷൻ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാതെ സുപ്രീംകോടതി തള്ളി.പ്രൈം വോളി ലീഗിൽ പങ്കെടുത്ത താരങ്ങളെ ഒഴിവാക്കി വോളിബോൾ അസോസിയേഷൻ ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെ താരങ്ങൾ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂലവിധി നേടി. വോളിബോൾ അസോസിയേഷനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സ്പോർട്സ് കൗൺസിൽ ഓപ്പൺ ട്രയൽസ് നടത്തി ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ ടീമിനാണ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. Read on deshabhimani.com

Related News