ദേശീയ ഗെയിംസിന്‌ ഗുജറാത്തിൽ വർണാഭ തുടക്കം

ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ മാർച്ച്പാസ്റ്റിൽ കേരള ടീമിനെ ഒളിമ്പ്യൻ എം ശ്രീശങ്കർ നയിക്കുന്നു


അഹമ്മദാബാദ് ആടിയും പാടിയും ഗുജറാത്ത്‌ ദേശീയ ഗെയിംസിനെ വരവേറ്റു. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇന്ത്യയുടെ ‘ഒളിമ്പിക്‌സി’ന്‌ തുടക്കമായി. 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 14 ദിവസം നീളുന്ന മുപ്പത്താറാമത്‌ ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്പോർട്സിലൂടെ ഐക്യം എന്ന സന്ദേശം അർഥപൂർണമാക്കുന്ന അഞ്ചുമണിക്കൂർ കലാവിരുന്നാണ്‌ ഒരുക്കിയത്‌. ഒളിമ്പ്യനായ നീന്തൽ താരം മാനാപട്ടേൽ് പ്രധാനമന്ത്രിക്ക് ദീപശിഖ കൈമാറി. ഇന്ത്യയുടെ അഭിമാനതാരങ്ങളായ  നീരജ് ചോപ്ര, പി വി സിന്ധു, അഞ്‌ജു ബോബി ജോർജ്‌, ഗഗൻ നരംഗ്‌, മീരാഭായ്‌ ചാനു, രവി ദഹിയ, ദിലീപ് ടിർക്കി എന്നിവർ പങ്കെടുത്തു.   വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും താരങ്ങൾ അണിനിരന്ന മാർച്ച്പാസ്റ്റിനെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഉദ്ഘാടനച്ചടങ്ങ് വൈവിധ്യങ്ങളാലും വേറിട്ട കലാപരിപാടികൾകൊണ്ടും  വിസ്മയമായി. ശങ്കർ മഹാദേവന്റെയും സംഘത്തിന്റെയും സംഗീതവിരുന്നും ലൈറ്റ്ഷോയും സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ഗെയിംസിന്റെ ഭാഗ്യചിഹ്നമായ സവാജിനൊപ്പം കലാകാരൻമാർ ചുവടുവച്ചു. കേരളീയ വേഷത്തിൽ മാർച്ച്‌പാസ്‌റ്റിൽ ടീമുകൾ അക്ഷരമാലാക്രമത്തിൽ അണിനിരന്നു. ഇരുപതാമതായി കേരളം മൈതാനത്തെ വലംവച്ചു. പരമ്പരാഗത കേരളസാരി അണിഞ്ഞായിരുന്നു വനിതകൾ. കസവ് മുണ്ടും ജുബ്ബയും അണിഞ്ഞ് പുരുഷതാരങ്ങളും. കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് എം ശ്രീശങ്കർ പതാകയേന്തി. തൊട്ടുപിന്നിലായി കേരള സംഘത്തലവൻ ഒളിമ്പ്യൻ വി ദിജുവും താരങ്ങളും. ആദ്യമായി ഗെയിംസിനെത്തിയ കേന്ദ്രഭരണപ്രദേശമായ  ലഡാക്ക് ആറാമതായും ജമ്മു കശ്മീർ നാലാമതും അണിനിരന്നു. ലഡാക്കിൽനിന്ന് മൂന്നു താരങ്ങളാണ് പങ്കുചേർന്നത്. മുപ്പത്താറ് ഇനങ്ങളിൽ നടക്കുന്ന ഗെയിംസിൽ സർവീസസാണ് നിലവിലെ ജേതാക്കൾ. കേരളം രണ്ടാമതാണ്. റഗ്ബി: 
കേരളം പുറത്ത് ദേശീയ ഗെയിംസ് വനിതാ റഗ്‌ബിയിൽ കേരളം സെമിഫൈനൽ കാണാതെ പുറത്ത്. ക്വാർട്ടറിൽ ബീഹാറിനോട് (0–21) പരാജയപ്പെട്ടു. അവസാന പൂൾ മത്സരത്തിൽ ചണ്ഡീഗഡിനെ 12–5ന് തോൽപ്പിച്ചിരുന്നു. റാങ്കിങ് നിർണയിക്കുന്ന മത്സരം ബാക്കിയുണ്ട്. അമ്പെയ്‌ത്ത്‌, ഖൊ- ഖൊ, തുഴച്ചിൽ, സ്കേറ്റിങ്, ഭാരോദ്വഹനം, ഫെൻസിങ്, ഗുസ്തി, ജിംനാസ്‌റ്റിക്‌സ്‌ മത്സരങ്ങൾ ഇന്ന് തുടങ്ങും. ടെന്നീസ്, ഷൂട്ടിങ് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി.   Read on deshabhimani.com

Related News