ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി ; ട്രാക്കിലെ ജ്യോതി



അഹമ്മദാബാദ്‌ ഇരട്ടസ്വർണം നേടി ട്രാക്കിന്റെ റാണിയായത് ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി. 100 മീറ്ററിൽ രാജ്യാന്തര താരങ്ങളായ ദ്യുതി ചന്ദിനെയും ഹിമാദാസിനെയും പിന്തള്ളിയ ഇരുപത്തിമൂന്നുകാരി 100 മീറ്റർ ഹർഡിൽസിൽ അനായാസം സ്വർണം നേടി. ദേശീയ റെക്കോഡിനേക്കാൾ മികച്ച സമയം (12.79 സെക്കൻഡ്‌) കുറിച്ചെങ്കിലും കാറ്റിന്റെ ആനുകൂല്യം ലഭിച്ചു (+2.5) എന്ന കാരണത്താൽ റെക്കോഡ് ബുക്കിൽ ഇടമുണ്ടാകില്ല. ഒരു ഇന്ത്യൻ വനിതാ അത്‌ലീറ്റ്‌ 13 സെക്കൻഡിൽത്താഴെ ഈ ദൂരം പൂർത്തിയാക്കുന്നത്‌ ആദ്യമാണ്‌. നിലവിലെ ദേശീയ റെക്കോഡ്‌ ഈ വിശാഖപട്ടണംകാരിയുടെ പേരിലാണ്‌–- 13.04 സെക്കൻഡ്‌. ഇരട്ടസ്വർണം പ്രതീക്ഷിച്ചിരുന്നോ? നൂറ്‌ മീറ്ററിൽ സ്വർണം കിട്ടിയപ്പോൾ ഡബിൾ ഉറപ്പിച്ചതാണ്‌. ഹർഡിൽസ്‌ പ്രിയപ്പെട്ട ഇനമാണല്ലോ. അതിനാൽ ആത്മവിശ്വാസത്തോടെയാണ്‌ ഓടിയത്‌.  മികച്ചസമയം കണ്ടെത്താൻ കഴിഞ്ഞതും സന്തോഷകരമാണ്. പക്ഷേ, ദേശീയ റെക്കോഡ്‌ പുതുക്കാനായില്ല. കാറ്റിന്റെ ആനുകൂല്യം കിട്ടിയെന്ന കാരണത്താൽ പുതിയസമയം പരിഗണിച്ചില്ല. അതിൽ ചെറിയ നിരാശയുണ്ട്‌. 100 മീറ്ററിലെ എതിരാളികൾ? ഒപ്പം മത്സരിച്ച ഹിമാദാസാണ് എന്റെ നേട്ടത്തിന്റെ പ്രചോദനം. എപ്പോഴും ഹിമയിൽനിന്ന് വലിയ പിന്തുണയുണ്ടായിരുന്നു. ദ്യുതിക്കും ഹിമക്കും ഒപ്പം മത്സരിക്കുമ്പോൾ സ്വർണം പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിത സ്വർണം വലിയ സന്തോഷമാണ് നൽകിയത്‌. ഹിമ മത്സരിക്കുന്നില്ലെന്നാണ് ആദ്യം കേട്ടത്. പിന്നീട് സാന്നിധ്യമറിഞ്ഞപ്പോൾ കടുത്തമത്സരം പ്രതീക്ഷിച്ചിരുന്നു. സ്വർണം നേടിയതോടെ എല്ലായിടത്തും എന്റെ പേരായി. അതിൽ ഞാൻ സന്തോഷവതിയാണ്. അടുത്ത ലക്ഷ്യം? എല്ലാവരെയുംപോലെ ഇന്ത്യക്കായി ഒരു ഒളിമ്പിക് മെഡൽ, അതുതന്നെയാണ് എന്റെയും സ്വപ്നം. ലോക ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ്. അതാണ് അടുത്ത വലിയ ലക്ഷ്യം. Read on deshabhimani.com

Related News