ഡി കോക്കിന് നന്ദി , 42 പന്തിൽ 55 ; രോഹിതിന്‌ 1000 റൺ

image credit mumbai indians facebook


ദുബായ്‌ തുടക്കത്തിലെ വെടിക്കെട്ട്‌ ഒടുക്കംവരെ തുടരാൻ മുംബൈ ഇന്ത്യൻസിനായില്ല. ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌സിനെതിരെ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റ്‌ ചെയ്‌ത മുംബൈ 20 ഓവറിൽ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 155 റണ്ണെടുത്തു. അരസെഞ്ചുറി നേടിയ വിക്കറ്റ്‌കീപ്പർ ക്വിന്റൺ ഡി കോക്കിന്റേതാണ്‌ (42 പന്തിൽ 55) ഉയർന്ന സ്‌കോർ. പരിക്കിനുശേഷം തിരിച്ചെത്തിയ ക്യാപ്‌റ്റൻ രോഹിത്‌ ശർമയും ഡി കോക്കും ഗംഭീര തുടക്കമാണ്‌ നൽകിയത്‌. എന്നാൽ അതിനൊത്ത പ്രകടനം പിന്നീടുണ്ടായില്ല. ഇരുവരും 9.2 ഓവറിൽ 78 റണ്ണടിച്ചു. ബാക്കിയെല്ലാവരും ചേർന്നെടുത്തത്‌ 77 റൺ. രോഹിത്‌ 30 പന്തിൽ 33 റണ്ണടിച്ച്‌ സുനിൽ നരെയ്‌ന്റെ പന്തിൽ ശുഭ്‌മാൻ ഗിൽ പിടിച്ച്‌ പുറത്തായി. അതിനിടെ കൊൽക്കത്തയ്‌ക്കെതിരെ 1000 റണ്ണെന്ന നേട്ടം കൈവരിച്ചു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റണ്ണടിച്ച ആദ്യ കളിക്കാരനാണ്‌.  സൂര്യകുമാർ യാദവും (5) ഇഷാൻ കിഷനും (14) വേഗം മടങ്ങി. ഡി കോക്ക്‌ 37 പന്തിൽ അരസെഞ്ചുറി തികച്ചു. പ്രസിദ്ധ്‌ കൃഷ്‌ണയുടെ പന്തിൽ നരെയ്‌ൻ പിടിച്ച്‌ പുറത്താകുമ്പോൾ നാല്‌ ഫോറും മൂന്ന്‌ സിക്‌സറും പറത്തിയിരുന്നു. അവസാന ഓവറുകളിൽ കീറൻ പൊള്ളാർഡും (21), ക്രുണാൽ പാണ്ഡ്യയും (12) ചേർന്നെടുത്ത 30 റണ്ണാണ്‌ സ്‌കോർ 150 കടത്തിയത്‌. പ്രസിദ്ധ്‌ കൃഷ്‌ണയും ലോക്കി ഫെർഗൂസനും രണ്ടു വിക്കറ്റുവീതം നേടി. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നെെ സൂപ്പർ കിങ്സും ഏറ്റുമുട്ടും.  Read on deshabhimani.com

Related News