മുൻതൂക്കം മുംബൈക്ക്‌ ; എലിമിനേറ്ററിൽ ലഖ്‌നൗവിനെതിരെ



ചെന്നൈ ഐപിഎൽ ക്രിക്കറ്റിലെ എലിമിനേറ്ററിൽ അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ്‌ ഇന്ന്‌ രാത്രി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ഏഴരയ്‌ക്കാണ്‌ മത്സരം. ലഖ്‌നൗ 14 കളിയിൽ 17 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌. മുംബൈ 16 പോയിന്റോടെ നാലാംസ്ഥാനത്തും. തോൽക്കുന്നവർ പുറത്താകും. വിജയികൾക്ക്‌ ഫൈനലിലെത്താൻ ആദ്യ ക്വാളിഫയറിൽ തോറ്റവരുമായി മത്സരിക്കണം. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിരുന്നു മുംബൈ. ഇക്കുറിയും കടലാസിൽ ശക്തരാണ്‌. പുകൾപെറ്റ ബാറ്റിങ്‌ നിര. അൽപ്പം ഇടിവ്‌ ബൗളിങ്ങിലാണ്‌. ഓപ്പണർമാരായി ക്യാപ്‌റ്റൻ രോഹിത്‌ ശർമയും ഇഷാൻ കിഷനും. പിന്നാലെ കാമറുൺ ഗ്രീൻ, സൂര്യകുമാർ യാദവ്‌, ടിം ഡേവിഡ്‌ എന്നീ അടിച്ചുപൊളിക്കാരുണ്ട്‌. സൂര്യകുമാറിന്‌ 511 റണ്ണായി. ഇഷാന്‌ 439, ഗ്രീനിന്‌ 381. ജസ്‌പ്രീത്‌ ബുമ്ര തുടക്കത്തിലും ജോഫ്ര ആർച്ചെർ പിന്നീടും മടങ്ങിയതോടെ ബൗളിങ്ങിന്‌ മൂർച്ച കുറവാണ്‌. 34കാരൻ പിയൂഷ്‌ ചൗളയാണ്‌ പ്രധാന ആശ്രയം. പ്രായത്തെ വെല്ലുന്ന സ്‌പിന്നുമായെത്തിയ ചൗള 20 വിക്കറ്റ്‌ നേടി.  ഓസ്‌ട്രേലിയൻ പേസർ ജാസൻ ബെഹറെൻഡോഫിന്‌ 14 വിക്കറ്റുണ്ട്‌. കഴിഞ്ഞവർഷം രൂപീകരിച്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്‌ തുടർച്ചയായ രണ്ടാംപ്ലേഓഫാണ്‌. ആദ്യ സീസണിൽ എലിമിനേറ്ററിൽ ബാംഗ്ലൂരിനോട്‌ തോറ്റു. കെ എൽ രാഹുൽ പരിക്കേറ്റ്‌  മടങ്ങിയതിനാൽ ക്രുണാൽ പാണ്ഡ്യയാണ്‌ ടീമിനെ നയിക്കുന്നത്‌. ക്വിന്റൺ ഡി കോക്കും മാർകസ്‌ സ്‌റ്റോയിനിസും പതിവ്‌ ഫോമിലേക്ക്‌ ഉയർന്നിട്ടില്ല. നിക്കോളാസ്‌ പുരാനാണ്‌ ബാറ്റിങ് നിരയുടെ നട്ടെല്ല്‌. സ്‌പിന്നർ രവി ബിഷ്‌ണോയിയിലാണ്‌ പ്രതീക്ഷ. രവിക്ക്‌ 16 വിക്കറ്റുണ്ട്‌. അഫ്‌ഗാൻ പേസർ നവീൻ ഉൽ ഹഖ്‌ പ്രധാന ആയുധമാണ്‌. പ്രധാന താരങ്ങൾ മുംബൈ ഇന്ത്യൻസ് രോഹിത്‌ ശർമ (ക്യാപ്‌റ്റൻ), ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്‌, പിയൂഷ്‌ ചൗള. ലഖ്‌നൗ സൂപ്പർ ജയന്റ്സ് ക്രുണാൽ പാണ്ഡ്യ (ക്യാപ്‌റ്റൻ), ക്വിന്റൺ ഡി കോക്ക്‌, മാർകസ്‌ സ്‌റ്റോയ്‌നിസ്‌, നിക്കോളാസ്‌ പുരാൻ, രവി ബിഷ്‌ണോയ്‌. മുഖാമുഖം 3 ലഖ്‌നൗ ജയം 3 (ഈ സീസണിൽ അഞ്ച്‌ റൺ ജയം, കഴിഞ്ഞ സീസണിൽ 18 റൺ ജയം, 36 റൺ ജയം). Read on deshabhimani.com

Related News