മെസിയുടെ പിഎസ്‌ജിയിലെ അവസാന മത്സരം ഞായറാഴ്‌ച; പുതിയ ക്ലബ്ബ്‌ തീരുമാനം ഉടൻ

Photo Credit: Leo Messi/Facebook


പാരിസ് ലയണൽ മെസി പിഎസ്‌ജി വിടുന്ന കാര്യത്തിൽ തീരുമാനമായി. പിഎസ്‌ജി പരിശീലകൻ ക്രിസ്‌റ്റഫ്‌ ഗാൾട്ടിയെർ ഇക്കാര്യം വ്യക്തമാക്കി. നാളെ ക്ലെർമോണ്ട്‌ ഫൂട്ടുമായിട്ടാണ്‌ പിഎസ്‌ജിയിൽ മെസിയുടെ അവസാന മത്സരം. പുതിയ ക്ലബ്ബിന്റെ കാര്യത്തിൽ ഉടൻ ഈ അർജന്റീനക്കാരൻ തീരുമാനമെടുക്കും. ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത്‌ അഭിമാനമായി കരുതുന്നുവെന്നായിരുന്നു ഗാൾട്ടിയറുടെ പ്രതികരണം. പാരിസിൽ നാളെ ക്ലെർമോണ്ടുമായുള്ള കളി മെസിയുടെ പിഎസ്‌ജിയിലെ അവസാനത്തേതായിരിക്കുമെന്ന്‌ ഗാൾട്ടിയർ പറഞ്ഞു. ഈ മാസം കരാർ അവസാനിക്കുന്ന മെസി തുടരില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. ലോകകപ്പിനുശേഷം കാണികളുടെ പെരുമാറ്റത്തിലും മാറ്റം വന്നിരുന്നു. മെസിക്കെതിരെ കൂവലുകളുണ്ടായി. പുതിയ ക്ലബ് ഉടൻ പ്രഖ്യാപിക്കുമെന്നാണ്‌ സൂചന. അതിനിടെ മുൻ ക്ലബ് ബാഴ്‌സലോണയിലേക്ക്‌ തിരിച്ചുപോകാൻ സാധ്യതയില്ലെന്നും സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സയ്‌ക്ക്‌ മുപ്പത്തഞ്ചുകാരനെ കൊണ്ടുവരാൻ കഴിഞ്ഞേക്കില്ല. മെസിയുമായി ഒരുതരത്തിലുള്ള ആശയവിനിമയവും ഇക്കാര്യത്തിൽ ബാഴ്‌സ നടത്തിയിട്ടില്ലെന്നും ഇവർ പറയുന്നു. സൗദി ക്ലബ് അൽ ഹിലാലിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്‌. സൗദിയിൽ മെസിയുടെ വരവിനായുള്ള ഒരുക്കം തുടങ്ങിയെന്നാണ്‌ സൂചന. വൻ തുകയാണ്‌ അൽ ഹിലാൽ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌. അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ് ഇന്റർ മയാമിയും രംഗത്തുണ്ട്‌. Read on deshabhimani.com

Related News