മെസി ഗോളിൽ അർജന്റീന ; മെക്‌സിക്കോയെ രണ്ട് ഗോളിന് വീഴ്ത്തി

image credit FIFA WORLD CUP twitter


മെക്‌സിക്കോയെ രണ്ട് ഗോളിന് വീഴ്ത്തി അർജന്റീന ലോകകപ്പിൽ ജീവൻ നിലനിർത്തി. തോറ്റാൽ പുറത്താകുമെന്നുറപ്പുള്ള കളിയിൽ ക്യാപ്റ്റൻ ലയണൽ മെസിയും എൺസോ ഫെർണാണ്ടസുമാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. ബുധനാഴ്ച പോളണ്ടുമായാണ് അടുത്ത മത്സരം. കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ ചാമ്പ്യന്മാരായ ഫ്രാൻസ്‌ കുതിച്ചു. ഡെൻമാർക്കിനെ 2–-1ന്‌ വീഴ്‌ത്തി ഫ്രഞ്ചുപട പ്രീക്വാർട്ടറിൽ കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീം. എംബാപ്പെയാണ്‌ രണ്ട്‌ ഗോളും കുറിച്ചത്‌. ഖത്തറിലാകെ മൂന്ന്‌ ഗോളായി ഈ ഇരുപത്തിമൂന്നുകാരന്‌. ഡെൻമാർക്കിനായി പ്രതിരോധക്കാരൻ ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസെൻ ലക്ഷ്യംകണ്ടു. ഡി ഗ്രൂപ്പിൽ രണ്ട്‌ കളിയും ജയിച്ച്‌ ആറ്‌ പോയിന്റായി ഫ്രാൻസിന്‌. ബുധനാഴ്‌ച ടുണീഷ്യയുമായാണ്‌ അടുത്ത കളി. ഗ്രൂപ്പ് സിയിൽ എല്ലാംമറന്ന്‌ പൊരുതിയ സൗദി അറേബ്യയെ രണ്ട്‌ ഗോളിന്‌ കീഴടക്കി പോളണ്ട്‌ ആദ്യജയംകുറിച്ചു. പെനൽറ്റി തുലച്ച സൗദി 16 തവണയാണ്‌ ഷോട്ട് ഉതിർത്തത്‌. അതിൽ അഞ്ചെണ്ണം ഗോളിലേക്കായിരുന്നു. പോളണ്ടാകട്ടെ, ലക്ഷ്യംവച്ച മൂന്നിൽ രണ്ടും ഗോളാക്കി. പീറ്റർ സീലിൻസ്‌കിയാണ്‌ ആദ്യഗോൾ തൊടുത്തത്‌. ക്യാപ്‌റ്റൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ലോകകപ്പിലെ ആദ്യഗോളും നേടി. ജയത്തോടെ പോളണ്ടിന്‌ രണ്ട്‌ കളിയിൽ നാല്‌ പോയിന്റായി. ഒന്നാം സ്ഥാനത്താണ്. സൗദിക്ക്‌ മൂന്നും. സൗദിക്ക്‌ മെക്‌സിക്കോയുമായാണ് അടുത്ത കളി. ഗ്രൂപ്പ്‌ ഡിയിൽ ഓസ്‌ട്രേലിയ ഒരു ഗോളിന്‌ ടുണീഷ്യയെ പരാജയപ്പെടുത്തി. മിച്ചെൽ ഡ്യൂക്ക്‌ ഹെഡ്ഡറിലൂടെയാണ്‌ ഗോൾ നേടിയത്‌. ജയത്തോടെ ഓസ്‌ട്രേലിയക്ക്‌ മൂന്ന്‌ പോയിന്റായി. ആഫ്രിക്കൻ പ്രതിനിധികളായ ടുണീഷ്യക്ക്‌ ഒന്ന്‌. ഡെൻമാർക്കാണ്‌ ഓസ്‌ട്രേലിയയുടെ അടുത്ത എതിരാളി.   Read on deshabhimani.com

Related News