വാഴ്‌ചയോ വീഴ്‌ചയോ ; ചാമ്പ്യൻസ് ലീഗിൽ സിറ്റി x റയൽ രണ്ടാംപാദ സെമി ഇന്ന്



ലണ്ടൻ മാഞ്ചസ്‌റ്റർ സിറ്റിയും റയൽ മാഡ്രിഡും മറ്റൊരു മുഖാമുഖത്തിന്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ രണ്ടാംപാദ സെമി ഇന്ന്‌ സിറ്റി തട്ടകമായ ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിലാണ്‌. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യപാദം 1–-1ന്‌ അവസാനിച്ചിരുന്നു. ഇന്ന്‌ ജയിക്കുന്നവർ ഇസ്‌താംബുളിൽ നടക്കുന്ന ഫൈനലിലേക്ക്‌ മുന്നേറും. കഴിഞ്ഞ സീസണിൽ സിറ്റിക്ക്‌ പിഴച്ചത്‌ രണ്ടാംപാദത്തിലാണ്‌. ആദ്യപാദത്തിൽ 4–-3ന്‌ ജയം നേടിയ പെപ്‌ ഗ്വാർഡിയോളയുടെ സംഘം ബെർണബ്യൂവിൽ അവസാന നിമിഷം 3–-1ന്‌ തോറ്റു. 6–-5ന്റെ ജയവുമായി ഫൈനലിലെത്തിയ കാർലോ ആൻസെലോട്ടിയും കൂട്ടരും കിരീടവും ചൂടി. ഇക്കുറി രണ്ടാംപാദം സ്വന്തം തട്ടകത്തിലാണെന്ന ആത്മവിശ്വാസമുണ്ട്‌ സിറ്റിക്ക്‌. പതിനാല്‌ കിരീടങ്ങളാണ്‌ ചാമ്പ്യൻസ്‌ ലീഗിൽ റയലിന്‌. സിറ്റിയുടെ കോളം ശൂന്യമാണ്‌. പലതവണ അരികെയെത്തിയിട്ടും കൈവിട്ടുപോയി. ഇക്കുറി ഒരുങ്ങിത്തന്നെയായിരുന്നു ഇറങ്ങിയത്‌. എർലിങ്‌ ഹാലണ്ട്‌ എന്ന ഗോളടി യന്ത്രത്തെ എത്തിച്ചതിന്റെ പ്രധാനലക്ഷ്യം ചാമ്പ്യൻസ്‌ ലീഗാണ്‌. ആദ്യപാദത്തിൽ ഗോളിലേക്ക്‌ വഴിതുറക്കാനായില്ലെങ്കിലും ഹാലണ്ടിനെ റയൽ ഭയക്കുന്നുണ്ട്‌. സീസണിൽ 51 ഗോളാണ്‌ നോർവെക്കാരന്‌. കെവിൻ ഡി ബ്രയ്‌ൻ, ഇകായ്‌ ഗുൺഡോവൻ, ജാക്‌ ഗ്രീലിഷ്‌, റിയാദ്‌ മഹ്‌റെസ്‌, ബെർണാഡോ സിൽവ, ഫിൽ ഫോദെൻ എന്നിങ്ങനെ നീളുന്ന മധ്യനിരയാണ്‌ സിറ്റിയുടെ ഊർജം. ആദ്യപാദത്തിൽ ഡി ബ്രയ്‌ന്റെ ഉശിരൻ ഗോളായിരുന്നു സമനില നൽകിയത്‌. ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ തുടർച്ചയായ 14 മത്സരങ്ങളിൽ സിറ്റി തോൽവിയറിഞ്ഞിട്ടില്ല. 49 ഗോളടിച്ചപ്പോൾ ഏഴെണ്ണംമാത്രം വഴങ്ങി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിന്‌ അടുത്തെത്തി സിറ്റി. ഇനി ഒരുജയംമാത്രം മതി. സമീപകാലത്ത്‌ റയലിന്റെ കുത്തകയാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌. ഇക്കുറിയും ഇതുവരെയുള്ള പ്രകടനം അതിന്‌ അടിവരയിടുന്നു. സിറ്റിക്കെതിരെ ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങിയെങ്കിലും റയലിനെ അവഗണിക്കാനാകില്ല. ആദ്യപാദത്തിൽ വിനീഷ്യസ്‌ ജൂനിയറിന്റെ അതിമനോഹര ഗോളിലാണ്‌ റയൽ മുന്നിലെത്തിയത്‌. സിറ്റിയുടെ മധ്യനിര കരുത്തിനുമുന്നിൽ അൽപ്പം ഉലഞ്ഞുപോയി. എങ്കിലും അവസാന നിമിഷങ്ങളിൽ ഇംഗ്ലീഷ്‌ ചാമ്പ്യൻമാരുടെ പ്രതിരോധത്തെ വിറപ്പിച്ചു. ഏത്‌ നിമിഷവും ഗോളടിക്കാനാകുമെന്നതാണ്‌ റയലിന്റെ പ്രത്യേകത. കഴിഞ്ഞ സീസണിൽ സിറ്റിക്ക്‌ അത്‌ കൃത്യമായി ബോധ്യം വന്നതാണ്‌. വിനീഷ്യസും റോഡ്രിഗോയും ഏത്‌ പ്രതിരോധത്തെയും കീറിമുറിക്കാൻ കെൽപ്പുള്ളവരാണ്‌. എഡ്വാർഡോ കമവിംഗയാണ്‌ സിറ്റി ഭയക്കുന്ന മറ്റൊരു കളിക്കാരൻ. കരിം ബെൻസെമ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ലെങ്കിലും സിറ്റി ഭയക്കണം ഈ ഫ്രഞ്ചുകാരനെ. പരിചയസമ്പന്നരായ ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും ടീമിന്‌ സന്തുലത നൽകുന്നു.ഇരുഭാഗത്തും ഗോൾകീപ്പർമാരുടെ പ്രകടനവും നിർണായകമാകും. എഡേഴ്‌സണും തിബൗ കുർടോയുമായിരുന്നു ആദ്യപാദത്തിലെ താരങ്ങൾ. Read on deshabhimani.com

Related News