ലിഡിയ ഡി വേഗ ഓർമയായി ; മറഞ്ഞത് എൺപതുകളിലെ ഏഷ്യയുടെ വേഗക്കാരി

videograbbed image


മനില എൺപതുകളിൽ ഏഷ്യയിലെ വേഗമേറിയ ഓട്ടക്കാരിയായിരുന്ന ഫിലിപ്പൈൻസിന്റെ ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസ്സായിരുന്നു. നാലുവർഷമായി സ്‌തനാർബുദത്തിന്‌ ചികിത്സയിലായിരുന്നു. പി ടി ഉഷയുടെ സുവർണകാലത്ത്‌ ഇരുവരും തമ്മിലുള്ള ട്രാക്കിലെ പോര്‌ പ്രശസ്‌തമായിരുന്നു. മകളും വോളിബോൾ താരവുമായ സ്‌റ്റെഫാനിയാണ്‌ അമ്മയുടെ മരണവിവരം അറിയിച്ചത്‌. 2018ൽ അർബുദം കണ്ടെത്തിയപ്പോഴേക്കും വൈകിയിരുന്നു. 1981ൽ സൗത്ത്‌ ഈസ്‌റ്റ്‌ ഏഷ്യൻ ഗെയിംസിൽ 200, 400 മീറ്ററുകളിൽ സ്വർണം നേടിയാണ്‌ അത്‌ലറ്റിക്‌സിൽ തുടക്കം. അച്ഛൻ തതാങ് ഡി വേഗയായിരുന്നു പരിശീലകൻ. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ്‌ 100 മീറ്ററിൽ പി ടി ഉഷയെ പിന്തള്ളി സ്വർണമണിഞ്ഞാണ്‌ ശ്രദ്ധേയയായത്‌. തുടർന്ന്‌ അഞ്ചുവർഷം ഇരുവരും തമ്മിലുള്ള മത്സരം ട്രാക്കിനെ ആവേശകരമാക്കി. 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ വിജയം ആവർത്തിച്ചു. എന്നാൽ, 200 മീറ്ററിൽ ലിഡിയയെ പിന്തള്ളി ഉഷ പകരംവീട്ടി. സൗത്ത്‌ ഈസ്‌റ്റ്‌ ഏഷ്യൻ ഗെയിംസിൽ ഒമ്പത്‌ സ്വർണവും രണ്ട്‌ വെള്ളിയും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സിൽ നാല്‌ സ്വർണവും മൂന്നുവീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി. രണ്ട്‌ ഏഷ്യൻ ഗെയിംസുകളിലായി രണ്ട്‌ സ്വർണവും ഒരു വെള്ളിയും. 1984, 1988 ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു. എൻജിനിയറായ പോൾ മെർകാഡോയുമായുള്ള വിവാഹത്തിനായി 1989–-1991 കാലത്ത്‌ ട്രാക്കിൽനിന്ന്‌ വിട്ടുനിന്നു. 1991ൽ തിരിച്ചെത്തിയെങ്കിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഏഴാമതായി. 1994ൽ മനിലയിൽനടന്ന ഫുജിയാൻ ഗെയിംസിൽ 100 മീറ്റർ സ്വർണം നേടി ട്രാക്ക്‌ വിട്ടു. പിന്നീട്‌ കൗൺസിലറായും അത്‌ലറ്റിക്‌സ്‌ ടീമിന്റെ ലെയ്‌സൺ ഓഫീസറായും പ്രവർത്തിച്ചു. കുറച്ചുകാലം സിംഗപ്പൂരിൽ പരിശീലകയായി. 2019ൽ ഫിലിപ്പൈൻസിൽ നടന്ന സൗത്ത്‌ ഈസ്‌റ്റ്‌ ഗെയിംസിന്റെ പൊതുവേദിയിലാണ്‌ അവസാനമായി പ്രത്യക്ഷപ്പെട്ടത്‌. Read on deshabhimani.com

Related News