അവിടെ കണ്ണീർ, കൊറിയ ഇവിടെ

image credit FIFA WORLD CUP twitter


  ദോഹ ഖത്തറിലെ അത്ഭുതരാത്രികൾ അവസാനിക്കുന്നില്ല. ഉറുഗ്വേയുടെയും ഘാനയുടെയും കണ്ണീർവീണ കളത്തിൽ ദക്ഷിണകൊറിയ കരുത്തരായ പോർച്ചുഗലിനെ 2–-1ന്‌ തകർത്ത്‌ പറന്നുയർന്നു. ഈ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യം. ഗ്രൂപ്പ്‌ എച്ചിൽ ഘാനയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തിയിട്ടും ഉറുഗ്വേക്ക്‌ കടക്കാനായില്ല. പോർച്ചുഗൽ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായപ്പോൾ രണ്ടാംസ്ഥാനക്കാരായി കൊറിയ കടന്നു. ഗ്രൂപ്പിൽ അവസാന റൗണ്ട്‌ മത്സരങ്ങൾ തുടങ്ങുമ്പോൾ പോർച്ചുഗലായിരുന്നു ഒന്നാമത്‌–- 6 പോയിന്റ്‌. ഘാന മൂന്ന്‌ പോയിന്റുമായി രണ്ടാമതും. ഓരോ പോയിന്റുള്ള കൊറിയയും ഉറുഗ്വേയും തുടർന്നുള്ള സ്ഥാനങ്ങളിൽ.ഘാന പെനൽറ്റി തുലച്ച്‌ തുടങ്ങിയപ്പോൾ ഉറുഗ്വേ രണ്ട്‌ ഗോളിന്‌ മറുപടി നൽകി സ്ഥാനം സുരക്ഷിതമാക്കി. മറുവശത്ത്‌ കൊറിയ പോർച്ചുഗലിനെ അട്ടിമറിച്ചതോടെ കാര്യങ്ങൾ കീഴ്‌മേൽ മറഞ്ഞു. 2010ലെ ദുരന്തരാത്രി ഘാനയെ വിട്ടൊഴിയുന്നില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു ഉറുഗ്വേയുമായുള്ള അവരുടെ കളി. 12 വർഷത്തിനുശേഷം ലോകകപ്പിൽ ഉറുഗ്വേക്കെതിരെ പെനൽറ്റി ശാപം വീണ്ടും ആഫ്രിക്കൻ കരുത്തരെ തളർത്തി. ഇത്തവണ ക്യാപ്‌റ്റൻ ആന്ദ്രെ അയ്യുവിനാണ്‌ കാൽ വിറച്ചത്‌. 21–-ാംമിനിറ്റിൽ കിട്ടിയ പെനൽറ്റി അയ്യു ഉറുഗ്വേ ഗോൾകീപ്പർ സെർജിയോ റോഷറ്റിന്റെ കൈയിലേക്ക്‌ അടിച്ചുകൊടുത്തു. ഒറ്റ നിമിഷത്തെ പതർച്ചയിൽനിന്ന്‌ ഘാനയ്‌ക്ക്‌ തിരിച്ചുവരാനായില്ല. പിന്നാലെ 11 മിനിറ്റിനുള്ളിൽ രണ്ട്‌ ഗോളടിച്ച്‌ ഉറുഗ്വേ കളിപിടിച്ചു. രണ്ടും ജോർജിയൻ അറാസ്‌കയേറ്റയുടെ വകയായിരുന്നു. പക്ഷേ, ആ ഗോളുകൾ തികയുമായിരുന്നില്ല ഉറുഗ്വേക്ക്‌. ഹ്വങ്‌ ഹീ ചാനിന്റെ പരിക്കുസമയത്തെ ഗോളിലായിരുന്നു കൊറിയയുടെ മുന്നേറ്റം. അതുവരെ ഗ്രൂപ്പ്‌ എച്ചിൽ അവസാന സ്ഥാനത്തായിരുന്നു കൊറിയ. ഘാനയ്‌ക്കെതിരെ രണ്ട്‌ ഗോളിന്‌ മുന്നിൽനിൽക്കുന്ന ഉറുഗ്വേയായിരുന്നു ഗ്രൂപ്പിൽ രണ്ടാമത്‌. എന്നാൽ ഹീ ചാൻ ലക്ഷ്യംകണ്ടതോടെ ഏഷ്യക്കാർ രണ്ടാംസ്ഥാനത്തേക്ക്‌ കുതിച്ചു. പന്ത്രണ്ട്‌ വർഷംമുമ്പ്‌ വില്ലനായ ലൂയിസ്‌ സുവാരാസാണ്‌ ഇത്തവണയും ഘാനയുടെ തോൽവിക്ക്‌ വഴിയൊരുക്കിയത്‌. ഉറുഗ്വേയുടെ രണ്ട്‌ ഗോളിനും ഈ മുപ്പത്തഞ്ചുകാരൻ പന്ത്‌ തെളിച്ചു. 2010 ലോകകപ്പിൽ ക്വാർട്ടറിലായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്‌. അന്ന്‌ അധികസമയക്കളിയുടെ അവസാനനിമിഷം ഘാനയുടെ ജോൺ മെൻസ തൊടുത്ത പന്ത്‌ ഗോൾവലയ്‌ക്ക്‌ മുന്നിലുണ്ടായിരുന്ന സുവാരസ്‌ കൈകൊണ്ട്‌ കുത്തിയകറ്റി. സുവാരസിന്‌ ചുവപ്പ്‌ കാർഡ്‌ കിട്ടി. ഘാനയ്‌ക്ക്‌ പെനൽറ്റിയും. എന്നാൽ കിക്കെടുത്ത അസമാവോ ഗ്യാന്‌ തെറ്റി. പന്ത്‌ പോസ്റ്റിൽ തട്ടി പുറത്തായി. തുടർന്ന്‌ ഷൂട്ടൗട്ടിൽ ഘാന പുറത്താവുകയും ചെയ്‌തു. ഇത്തവണ മുഹമ്മദ്‌ കുദുസിനെ റോഷറ്റ്‌ വീഴ്‌ത്തുകയായിരുന്നു. ‘വാറിൽ’ പെനൽറ്റി അനുവദിച്ചു. കിക്ക്‌ ദുർബലമായിരുന്നു. കൃത്യമായ ചാട്ടത്തിൽ പന്ത്‌ ഉറുഗ്വേ ഗോൾകീപ്പർ രക്ഷപ്പെടുത്തി.പോർച്ചുഗലിനെതിരെ സർവതും മറന്നാണ്‌ ദക്ഷിണകൊറിയ പൊരുതിയത്‌. അഞ്ചാംമിനിറ്റിൽ റികാർഡോ ഹൊർതയിലൂടെ മുന്നിലെത്തി. ഇടവേളക്കുമുമ്പേ കൊറിയ തിരിച്ചടിച്ചു. കോർണറിൽ നിന്ന്‌ കിം യങ്‌ ഗോൺ ലക്ഷ്യം കണ്ടു. Read on deshabhimani.com

Related News