എംബാപ്പെ എന്ന ഗോൾ നക്ഷത്രം

image credit FIFA WORLD CUP twitter


ദോഹ പെലെയെയും കിലിയൻ എംബാപ്പെയും താരതമ്യപ്പെടുത്താനാകില്ല. എന്നാൽ ലോകകപ്പിലെ ഗോളടിക്കണക്കിൽ മഹാനായ പെലെക്കൊപ്പം ചരിത്രപുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ്‌ എംബാപ്പെ. ബ്രസീൽ ഇതിഹാസത്തിനൊപ്പം 24 വയസ്സിനുമുമ്പേ ഏറ്റവുംകൂടുതൽ ഗോളടിക്കുന്ന താരമായി ഫ്രഞ്ചുകാരൻ. ഇരുവർക്കും ഏഴ്‌ ഗോളാണ്‌. പെലെയുടെ വഴികളെ പിന്തുടരുകയാണ്‌ എംബാപ്പെ. ലോകകപ്പിന്റെ എക്കാലത്തെയും മികച്ച താരമാണ്‌ പെലെ. 1958ൽ ഈ പതിനേഴുകാരന്റെ കാൽക്കരുത്തിലാണ്‌ ബ്രസീൽ കന്നിക്കിരീടം ഉയർത്തിയത്‌. ആറ്‌ ഗോളായിരുന്നു കൗമാരക്കാരൻ അന്നുനേടിയത്‌. 2018ൽ റഷ്യയിൽ ഫ്രഞ്ച്‌ കുപ്പായമണിയുമ്പോൾ എംബാപ്പെയ്‌ക്ക്‌ പ്രായം 19. ഫ്രഞ്ച്‌ ലീഗിൽ മിന്നിത്തിളങ്ങിയ അഞ്ചടി പത്തിഞ്ചുകാരനെ ആദ്യമൊന്നും ആരും വകവച്ചില്ല. പെറുവിനെതിരായ ഗ്രൂപ്പ്‌ മത്സരത്തിൽ ഗോളടിച്ച്‌ വരവറിയിച്ചു. പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരെ തനിനിറംകാട്ടി. ഇരട്ടഗോളോടെ ലയണൽ മെസിയെയും കൂട്ടരെയും മടക്കി എംബാപ്പെ. ഫൈനലിലും ആ ബൂട്ടുകൾ വിശ്രമിച്ചില്ല. പെലെയ്‌ക്കുശേഷം ലോകകപ്പ്‌ കലാശപ്പോരിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ലോകകിരീടത്തിനൊപ്പം ഭാവിതാരത്തിനുള്ള ട്രോഫിയും സ്വന്തമാക്കിയാണ്‌ എംബാപ്പെ റഷ്യ വിട്ടത്‌. സൂപ്പർതാരമെന്ന മേൽവിലാസവുമായാണ്‌ ഇത്തവണ എംബാപ്പെ എത്തിയത്‌. നാലുവർഷംമുമ്പ്‌ റഷ്യയിൽ അവസാനിപ്പിച്ചത്‌ ഖത്തറിൽ തുടർന്നു ഇരുപത്തിമൂന്നുകാരൻ. രണ്ട്‌ കളിയിൽ മൂന്ന്‌ ഗോളായി. ഒരു ഗോളവസരവും. ഓസ്‌ട്രേലിയക്കെതിരെ ഒരെണ്ണമടിച്ചു. ഒടുവിൽ കരുത്തരായ ഡെൻമാർക്കിനെതിരെ ഡബിളുമായി ടീമിനെ ജയത്തിലേക്കും പ്രീക്വാർട്ടറിലേക്കും നയിച്ചു. ഒമ്പത്‌ കളിയിലാണ്‌ ആകെ ഗോൾനേട്ടം ഏഴായത്‌. ഓരോ 79 മിനിറ്റിലും ഗോൾ വന്നു. ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അപ്രാപ്യമായ അനുപമ നേട്ടം. ഫ്രഞ്ച്‌ കുപ്പായത്തിൽ അവസാന 12 കളിയിൽ 14 ഗോൾ. ആകെ 61 കളിയിൽ 31. സിനദിൻ സിദാനൊപ്പം. പിഎസ്‌ജിക്കായി സീസണിൽ 20 കളിയിൽ 19 ഗോളുമുണ്ട്‌. വേഗമാണ്‌ എംബാപ്പെയുടെ ബലം. ഏത്‌ പ്രതിരോധക്കാരനും ആ വേഗത്തിനും പന്തടക്കത്തിനുംമുന്നിൽ തോറ്റുപോകും. ഇടതുമൂലയിൽ കേന്ദ്രീകരിച്ച്‌ ബോക്‌സിലേക്ക്‌ കൊടുങ്കാറ്റായി പറക്കും. പന്ത്‌ കിട്ടിയാൽ പിന്നെ രക്ഷയില്ല. എതിരാളിയുടെ സ്ഥാനം മനസ്സിലാക്കി വിടവുകൾ കണ്ടെത്തി ഉന്നംതൊടുക്കും. ഖത്തറിൽ എംബാപ്പെ എതിരാളികൾക്ക്‌ മുന്നറിയിപ്പ്‌ നൽകിക്കഴിഞ്ഞു. ഈ ലോകകപ്പും തനിക്കുള്ളതാണെന്ന മുന്നറിയിപ്പ്‌.   Read on deshabhimani.com

Related News