കലക്കി കേരള ; കേരള യുണെെറ്റഡ് 3 വയനാട് യുണെെറ്റഡ് 0


വയനാട് യുണൈറ്റഡിനെതിരെ ഗോൾ നേടിയ കേരള യുണൈറ്റഡ് താരം 
ഇസാസക്കിയേലിന്റെ ആഹ്ലാദം /ഫോട്ടോ: എം എ ശിവപ്രസാദ്


കൽപ്പറ്റ കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ സെമിയിൽ കേരള യുണൈറ്റഡ്‌ എഫ്‌സിക്ക്‌  വിജയം. വയനാട്‌ യുണെെറ്റഡ് എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു. നൈജീരിയൻ താരം ഇസാസക്കിയേൽ, എം മനോജ്‌, വാൻലാൽ മൽസാവ്‌മ എന്നിവരാണ്‌ കേരള യുണൈറ്റഡിനായി ലക്ഷ്യംകണ്ടത്‌. രണ്ടാംപാദ സെമി ബുധനാഴ്‌ച നടക്കും. കളിയുടെ തുടക്കംമുതൽ കേരള യുണൈറ്റഡ്‌ കളം പിടിച്ചു. 13–-ാംമിനിറ്റിൽ ആദ്യഗോൾ. ത്രോയിൽനിന്നായിരുന്നു തുടക്കം. ഇസാസക്കിയേൽ തൊടുത്തു. ഗോൾ വീണതോടെ വയനാട്‌ എഫ്‌സി ഉണർന്ന്‌ കളിച്ചെങ്കിലും ഫിനിഷിങ്ങിലെ അഭാവം തിരിച്ചടിച്ചു.  ഇടവേളയ്ക്കുശേഷം രണ്ട്‌ അവസരങ്ങൾ കിട്ടിയെങ്കിലും കേരള യുണൈറ്റഡ്‌ പ്രതിരോധത്തെ മറികടക്കാനായില്ല. ഗോൾകീപ്പർ പ്രതീഷും തകർപ്പൻ കളി പുറത്തെടുത്തു. അവസാനഘട്ടത്തിൽ കേരള യുണൈറ്റഡ്‌ രണ്ട്‌ ഗോൾകൂടി തൊടുത്തു. ഫ്രീക്കിൽനിന്നായിരുന്നു രണ്ടാംഗോൾ. ഫ്രീകിക്കിൽ തലവച്ച്‌ എം മനോജ്‌ യുണെറ്റഡിന്റെ ഗോളെണ്ണം കൂട്ടി. പരിക്കുസമയത്തിന്റെ അവസാനനിമിഷം വാൻലാൽ മൽസാവ്‌മ ഫ്രീകിക്കിലൂടെ വയനാടിന്റെ വല തകർത്തു.  ഇന്ന്‌ നടക്കുന്ന മറ്റൊരു സെമിയുടെ ആദ്യപാദത്തിൽ ഗോകുലം കേരള എഫ്‌സി കോവളം എഫ്‌സിയെ നേരിടും. വിട്ടുനിന്ന്‌ ഷറഫലിയുടെ പ്രതിഷേധം കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ സെമിഫൈനൽ ഉദ്‌ഘാടാന ചടങ്ങിൽനിന്നും സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റും മുൻ കേരള പൊലീസ്‌ താരവുമായ യു ഷറഫലി വിട്ടുനിന്നു.  കേരള പൊലീസ്‌ ടീമിനെ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ്‌ ഉദ്‌ഘാടകനായ ഷറഫലിയുടെ പിൻമാറ്റം. മറ്റ്‌ ചില പരിപാടികൾ ഉണ്ടായിരുന്നതു കാരണമാണ്‌ എത്താതിരുന്നതെന്ന്‌ ഷറഫലി പറയുമ്പോഴും പൊലീസ്‌ ടീമിനെ പങ്കെടുപ്പിക്കാത്തതിലെ അസംതൃപ്‌തി മറച്ചുവച്ചില്ല. മത്സരത്തിൽ പങ്കെടുക്കുന്നതിനായി‌ പൊലീസ്‌ ടീമിന്‌ അവസരം നൽകുന്ന രീതിയിൽ സമയം നീട്ടിനൽകാമായിരുന്നെന്ന്‌ ഷറഫലി പറഞ്ഞു. ‌ മത്സരത്തിലെ ഏക ഡിപ്പാർട്ട്‌മെന്റ്‌ ടീമാണ്‌. സൂപ്പർ സിക്‌സിൽ രണ്ടാം സ്ഥാനവുമുണ്ട്‌. ‌ബെസ്‌റ്റ്‌ ടീമിനെ തെരഞ്ഞെടുക്കുകയാണല്ലോ വേണ്ടതെന്നും ഷറഫലി പറഞ്ഞു. ജമ്മു കശ്‌മീരിൽ നടക്കുന്ന അഖിലേന്ത്യാ പൊലീസ്‌ ടൂർണമെന്റിന്‌ പങ്കെടുക്കേണ്ടതിനാൽ കേരള പൊലീസ് സെമി നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള ഫുട്‌ബോൾ അസോസിയേഷൻ സൂപ്പർ സിക്‌സിൽ അഞ്ചാമതെത്തിയ കോവളം എഫ്‌സിയെ ഉൾപ്പെടുത്തുകയായിരുന്നു. Read on deshabhimani.com

Related News