കേരള പ്രീമിയർ ലീഗ്‌: കേരള യുണൈറ്റഡ് സെമിയിൽ

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന കെപിഎൽ സൂപ്പർ സിക്സ് മത്സരത്തിൽ ഗോകുലം കേരള എഫ്സിയുടെ പി അഖിലും കേരള യുണൈറ്റഡ് എഫ്സിയുടെ ഇസീകിൽ ഒറോയും പന്തിനായുള്ള പോരാട്ടത്തിൽ / : ഫോട്ടോ കെ ഷെമീർ


മലപ്പുറം> കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ സൂപ്പർ സിക്‌സിൽ കേരള യുണൈറ്റഡ് എഫ്സിയും ഗോകുലം കേരള എഫ്സി റിസർവ്‌ ടീമും  സമനിലയിൽ. നിർണായകമായ മത്സരത്തിൽ സമനില നേടിയതോടെ കേരള യുണൈറ്റഡ് രണ്ട് ജയവും ഒന്നുവീതം സമനിലയും തോൽവിയുമായി ഏഴ്‌ പോയിന്റോടെ സെമി ഉറപ്പിച്ചു. കേരള പൊലീസ്‌ (10 പോയിന്റ്‌), വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി (എട്ട്‌) ടീമുകൾ നേരത്തേ സെമിയിലെത്തിയിരുന്നു. കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ചു. ഒന്നാംപകുതിയിൽ ആർക്കും ഗോൾ നേടാനായില്ല. 64-–-ാംമിനിറ്റിൽ ഗോകുലത്തിനായി സ്‌റ്റീഫൻ സതർകർ ഗോളടിച്ചു. പരിക്കുസമയത്ത്‌ ഹാറൂൺ ദിൽഷാദിലൂടെ യുണൈറ്റഡ് എഫ്സി സമനില പിടിച്ചു. ഘാനതാരം യൂസിഫിന്റെ മനോഹരമായ ഹെഡർ ഗോകുലം ഗോളി റിയാസുദീൻ തട്ടിമാറ്റിയെങ്കിലും തെറിച്ചുവീണ പന്ത് ഹാറൂൺ വലയിലേക്ക്‌ തിരിച്ചുവിട്ടു. യുണൈറ്റഡ് എഫ്സിയുടെ ഘാന താരം യൂസിഫാണ് കളിയിലെ താരം. മൂന്ന്‌ കളിയാണ്‌ ബാക്കിയുള്ളത്‌. ഇന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ ടീം കോവളം എഫ്‌സിയെ നേരിടും. നാളെ കളിയില്ല. വ്യാഴം വൈകിട്ട് നാലിന് കേരള യുണൈറ്റഡ് എഫ്സി അവസാനമത്സരത്തിൽ വയനാട് യുണൈറ്റഡ് എഫ്സിയെ നേരിടും. വെള്ളിയാഴ്‌ച ഗോകുലം കേരള എഫ്‌സി റിസർവ്‌ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി റിസർവ്‌ ടീമുമായി ഏറ്റുമുട്ടും. Read on deshabhimani.com

Related News