ഫ്രാൻസിസ്‌ ഇഗ്‌നേഷ്യസിന് അന്ത്യാഞ്ജലി



തൃശൂർ ദേശീയ ഫുട്‌ബോളിന്‌ കേരളം സംഭാവന ചെയ്‌ത മികച്ച ഗോളിമാരിലൊരാളായിരുന്നു കഴിഞ്ഞദിവസം വിടവാങ്ങിയ ഫ്രാൻസിസ്‌ ഇഗ്‌നേഷ്യസ്‌. മൂന്നുപതിറ്റാണ്ടായി‌ ബംഗളൂരുവിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിയുടെ (ഐടിഐ) ഭാഗമായിരുന്നു. ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഐടിഐ മാർക്കറ്റിങ്‌ ആൻഡ്‌ സെയിൽസ്‌ മാനേജരായിരുന്നു ഈ അമ്പത്തിനാലുകാരൻ. തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ്‌ സ്വദേശിയാണ്‌. ഇഗ്‌നേഷ്യസിനെ മറികടന്ന് പന്ത്‌ വലയിലാക്കാൻ എതിരാളികൾ വിയർക്കുമായിരുന്നു‌. ഉയരമായിരുന്നു പ്രധാന കൈമുതൽ. ആറടി രണ്ടിഞ്ചുകാരൻ നെഞ്ചുവിടർത്തി ബാറിനുമുമ്പിൽ നിൽക്കുമ്പോൾ ടീമിനുള്ള ആത്മവിശ്വാസം ചെറുതല്ലെന്ന്‌ സഹകളിക്കാരനായിരുന്ന സി വി പാപ്പച്ചൻ ഓർക്കുന്നു. ഹെഡ്ഡർ ഗോളിനുപോലും അവസരം കൊടുക്കില്ല. വലയ്‌ക്കുമുമ്പിൽ നിന്ന്‌ ടീമിനൊന്നാകെ പ്രചോദനമായി അലറും. 1984ൽ കേരള പൊലീസിലൂടെയായിരുന്നു ഇഗ്‌നേഷ്യസിന്റെ തുടക്കം. മികവ്‌ കണ്ട്‌ ബംഗളൂരു ഐടിഐ സമീപിച്ചു.  എന്നാൽ, കേരള പൊലീസ്‌ വിട്ടില്ല. ഒടുവിൽ ഹൈക്കോടതി വിധിയിലൂടെയാണ്‌ ഇഗ്‌നേഷ്യസ്‌ ബംഗളൂരുവിലേക്ക്‌ ചേക്കേറിയത്‌. 1986 മുതൽ ഐടിഐയിൽ. ഫെഡറേഷൻ കപ്പ്‌, സിസേഴ്‌സ്‌ കപ്പ്‌ തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ കളിച്ചു. 1993 വരെ കർണാടകത്തിനായി സന്തോഷ്‌ ട്രോഫിയും കളിച്ചു.  ബംഗളൂരുവിൽനിന്ന്‌ എത്തിച്ച മൃതദേഹം ഇന്നു 10ന്‌ പുത്തൻപള്ളിയിൽ സംസ്‌കരിക്കും. Read on deshabhimani.com

Related News