നാല്‌ കോടി പിഴ; ബ്ലാസ്‌റ്റേഴ്‌സ്‌ അപ്പീൽ നൽകും



ന്യൂഡൽഹി> ഐഎസ്‌എൽ പ്ലേ ഓഫ്‌ മത്സരത്തിനിടെ കളംവിട്ടതിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) ചുമത്തിയ നാല്‌ കോടി രൂപ പിഴയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അപ്പീൽ നൽകും. അതുവഴി പിഴത്തുക കുറയ്‌ക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ശിക്ഷാനടപടിയായി ടീമിനെ പുറത്താക്കലോ അടുത്ത സീസണിൽ പോയിന്റ്‌ കുറയ്‌ക്കലോ ഉണ്ടായില്ലെന്നത്‌ ആശ്വസമായി. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ 10 കളിയിൽ വിലക്കും അഞ്ചുലക്ഷം രൂപ പിഴയുമുണ്ട്‌. കോച്ചിന്‌ ഒന്നോരണ്ടോ സീസൺ വിലക്കുണ്ടാകുമെന്നാണ്‌ കരുതിയത്‌. അതുണ്ടാകാതിരുന്നത്‌ രക്ഷയായി. എട്ടിന്‌ തുടങ്ങുന്ന സൂപ്പർ കപ്പിൽ വുകോമനോവിച്ചിന്റെ സാന്നിധ്യം ഉണ്ടാകില്ല. പക്ഷേ, അദ്ദേഹത്തിന്റെ തന്ത്രങ്ങൾ തന്നെയാകും ടീം കളത്തിൽ നടപ്പാക്കുക. സൂപ്പർകപ്പ്‌ ഗ്രൂപ്പിൽ മൂന്ന്‌ കളിയുണ്ട്‌. സെമി, ഫൈനൽ കളിക്കാനായാൽ വിലക്കിലെ അഞ്ച്‌ കളി ഒഴിവാകും. എഎഫ്‌സി യോഗ്യതാമത്സരങ്ങളുമുണ്ട്‌. അതിനാൽ അടുത്ത ഐഎസ്‌എൽ സീസണിൽ കോച്ചിന്റെ സാന്നിധ്യം ഉറപ്പാക്കാനാകും. മാപ്പ്‌ പറഞ്ഞില്ലെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴ ആറുകോടിയാക്കും. വുകോമനോവിച്ചിന്‌ 10 ലക്ഷവും. അതിനാൽ ഇക്കാര്യം ക്ലബ് പരിശോധിക്കുകയാണ്‌. ഐഎസ്‌എല്ലിൽ ബംഗളൂരു എഫ്‌സിക്കെതിരായ കളിക്കിടെയാണ്‌ കോച്ചും കളിക്കാരും മൈതാനം വിട്ടത്‌. മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക്‌ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. കളിക്കാരോട്‌ കയറിപ്പോരാൻ കോച്ച്‌ ആവശ്യപ്പെട്ടതാണ്‌ വിവാദമായത്‌. മത്സരം ബ്ലാസ്‌റ്റേഴ്‌സ്‌ ഒരു ഗോളിന്‌ തോറ്റു.  ഇന്ത്യൻ ഫുട്‌ബോളിൽ ഒരു ക്ലബ്ബിന്‌ ഇത്രയും വലിയ പിഴശിക്ഷ ആദ്യമാണ്‌. Read on deshabhimani.com

Related News