ബ്ലാസ്‌റ്റേഴ്‌സിന്‌ 
നാലുകോടി പിഴ ; വുകോമനോവിച്ചിന്‌ 10 കളി വിലക്ക്‌, അഞ്ചുലക്ഷം പിഴ

ബംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ പ്ലേഓഫ് മത്സരത്തിനിടെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ കളം വിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം (ഫയൽ ചിത്രം)


  ന്യൂഡൽഹി ഐഎസ്‌എൽ പ്ലേ ഓഫ്‌ മത്സരത്തിനിടെ കളംവിട്ടതിന്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ നാലുകോടി രൂപ പിഴ ചുമത്തി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌). പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ 10 കളിയിൽ വിലക്കും അഞ്ചുലക്ഷം രൂപ പിഴയുമിട്ടു. ടീമുമായി യാതൊരു ബന്ധവും പാടില്ല. പരസ്യമായി മാപ്പ്‌ പറയാനും വൈഭവ്‌ ഗാഗർ തലവനായ അച്ചടക്കസമിതി ഉത്തരവിട്ടു. മാപ്പ്‌ പറഞ്ഞില്ലെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴ ആറുകോടിയാക്കും. വുകോമനോവിച്ചിന്‌ 10 ലക്ഷവും. ഐഎസ്‌എല്ലിൽ ബംഗളൂരു എഫ്‌സിയുമായുള്ള കളിക്കിടെയാണ്‌ കോച്ചും കളിക്കാരും കളംവിട്ടത്‌. മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക്‌ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. കളിക്കാരോട്‌ കയറിപ്പോരാൻ കോച്ച്‌ ആവശ്യപ്പെടുകയായിരുന്നു. മത്സരം ബ്ലാസ്‌റ്റേഴ്‌സ്‌ ഒരു ഗോളിന്‌ തോൽക്കുകയും ചെയ്‌തു. ഇന്ത്യൻ ഫുട്‌ബോളിൽ ഇത്രയും വലിയ തുകയുടെ പിഴശിക്ഷ ആദ്യമാണ്‌. ശിക്ഷാനടപടിയായി ടീമിനെ പുറത്താക്കലോ അടുത്ത സീസണിൽ പോയിന്റ്‌ കുറയ്‌ക്കലോ ഉണ്ടായില്ലെന്നത്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ആശ്വാസം നൽകുന്ന കാര്യമാണ്‌. നിലവിലെ നടപടിയിൽ അപ്പീൽ പോവുകയും ചെയ്യാം. ഇതോടെ ഏപ്രിൽ എട്ടിന്‌ ആരംഭിക്കുന്ന സൂപ്പർകപ്പിൽ വുകോമനോവിച്ച്‌ ടീമിന്‌ ഒപ്പമുണ്ടാകില്ല. നിലവിൽ കൊച്ചിയിൽ ടൂർണമെന്റിനായി തയ്യാറെടുക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ ഒപ്പമാണ്‌ പരിശീലകൻ. റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബുമായി എട്ടിനാണ്‌ ആദ്യമത്സരം. സൂപ്പർകപ്പ്‌ കൂടാതെ അടുത്ത സീസൺ ഐഎസ്‌എല്ലിന്റെ ആദ്യ മത്സരങ്ങളും സെർബിയക്കാരന്‌ നഷ്ടമാകും. Read on deshabhimani.com

Related News