കളം വേറെ കളി വേറെ ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ ബംഗളൂരുവിനോട്‌

image credit keralablasters fc twitter


ബംഗളൂരു ഇതുവരെയുള്ള കളിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ വ്യക്തമായി. ഇന്ന്‌ ഐഎസ്‌എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിയെ നേരിടുമ്പോൾ തന്ത്രങ്ങളിൽ മാറ്റംവരുത്താനുള്ള നീക്കത്തിലാണ്‌ വുകോമനോവിച്ച്‌. ബംഗളൂരുവിലാണ്‌ കളി. ജയിച്ചാൽ സെമിയിൽ കടക്കും. ഇരുപാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടേണ്ടിവരും. ലീഗ്‌ ഘട്ടത്തിൽ അഞ്ചാംസ്ഥാനത്താണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അവസാനിപ്പിച്ചത്‌. ബംഗളൂരു നാലാമതും. അവസാന കളിയിൽ ബ്ലാസ്റ്റേഴ്‌സ്‌ സ്വന്തം തട്ടകത്തിൽ ഹൈദരാബാദ്‌ എഫ്‌സിയോട്‌ തോറ്റു. ഇതുൾപ്പെടെ തുടർച്ചയായ മൂന്നുകളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ തോൽവി വഴങ്ങി. പന്തടക്കത്തിൽ മുന്നിൽ നിന്നിട്ടും ഗോൾ നേടാനാകുന്നില്ല എന്നതാണ്‌ പ്രധാന പ്രശ്‌നം. ദിമിത്രിയോസ്‌ ഡയമന്റാകോസും അഡ്രിയാൻ ലൂണയും ഇവാൻ കലിയുഷ്‌നിയും ഉൾപ്പെട്ട വിദേശതാരങ്ങൾ നിർണായക ഘട്ടത്തിൽ തളരുകയാണ്‌. മലയാളിതാരം സഹൽ അബ്‌ദുൾ സമദിനും മികവുകാട്ടാനാകുന്നില്ല. കഴിഞ്ഞ കളിയിൽ പുറത്തിരുന്ന കെ പി രാഹുൽ തിരിച്ചെത്തും. പ്രതിരോധത്തിൽ മാർകോ ലെസ്‌കോവിച്ചിന്റെ സാന്നിധ്യം ആത്മവിശ്വാസം നൽകുന്നുണ്ട്‌. മുൻ മത്സരങ്ങളിലെപ്പോലെ ആക്രമണരീതി ആയിരിക്കില്ല ബ്ലാസ്‌റ്റേഴ്‌സിന്‌. പിൻവലിഞ്ഞ്‌ കളിച്ച്‌ പ്രത്യാക്രമണം നടത്താനാണ്‌ വുകോമനോവിച്ചിന്റെ പദ്ധതി. മറുവശത്ത്‌ തുടർച്ചയായ എട്ട്‌ മത്സരം ജയിച്ചാണ്‌ ബംഗളൂരുവിന്റെ വരവ്‌. ലീഗിന്റെ ആദ്യഘട്ടത്തിൽ കണ്ട ടീമല്ല ഇപ്പോൾ. ക്യാപ്‌റ്റൻ സുനിൽ ഛേത്രി, മുന്നേറ്റക്കാരൻ റോയ്‌ കൃഷ്‌ണ, പ്രതിരോധക്കാരൻ അലൻ കോസ്‌റ്റ, ഗോൾകീപ്പർ ഗുർപ്രീത് സിങ്‌ സന്ധു തുടങ്ങിയവരാണ്‌ ബംഗളൂരുവിന്റെ കരുത്ത്‌. Read on deshabhimani.com

Related News