കളം വിട്ടു കളി മാറി ; റഫറിയുടെ പിഴവിൽ പ്രതിഷേധം, വിവാദ ഗോളിൽ കളംവിട്ട് ബ്ലാസ്റ്റേഴ്സ്

ബംഗളൂരുവിന് റഫറി ഗോൾ അനുവദിച്ചതിനെ തുടർന്ന് പ്രതിഷേധത്തോടെ കളത്തിലിരിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ


ബംഗളൂരു ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ അപമാനകരമായ സംഭവങ്ങൾക്ക്‌ ഐഎസ്‌എൽ വേദിയായി. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങൾ കളംവിടുകയായിരുന്നു. ബംഗളൂരു താരം സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്കിനെ തുടർന്നായിരുന്നു കളത്തിലെ നാടകീയ നിമിഷങ്ങൾ. റഫറി ഗോൾ അനുവദിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ അംഗീകരിച്ചില്ല. ഒടുവിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ ടീം ഒന്നടങ്കം പുറത്തുപോയി. അരമണിക്കൂർ തികയുംമുമ്പ്‌ റഫറി ക്രിസ്‌റ്റൽ ജോൺ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്‌ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളായിരുന്നു ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ. ആവേശകരമായ കളിക്ക്‌ ഒട്ടും യോജിക്കാത്ത അന്ത്യം. നിശ്‌ചിതസമയം ഇരുടീമുകളും ലക്ഷ്യം കണ്ടില്ല. അവസാനഘട്ടത്തിലാണ് ഛേത്രി കളത്തിലെത്തിയത്‌. അധികസമയത്തിന്റെ ഏഴാംമിനിറ്റിലായിരുന്നു ഫ്രീകിക്ക്‌. ഛേത്രി കിക്ക്‌ എടുക്കാനെത്തി. ചുറ്റും സഹതാരങ്ങളും ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാരും. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ കീപ്പർ പ്രഭ്‌സുഖൻ ഗിൽ സഹതാരങ്ങൾക്ക്‌ നിർദേശം നൽകുകയായിരുന്നു. റഫറി വിസിൽ മുഴക്കിയില്ല. പ്രതിരോധ മതിൽ പൂർത്തിയാക്കിയതുമില്ല. ഇതിനിടെയാണ്‌ ഛേത്രി പന്ത്‌ അടിച്ചത്‌. അപ്രതീക്ഷിത നീക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാർക്ക്‌ സംഭവിച്ചതൊന്നും മനസ്സിലായില്ല. അവർ പ്രതിഷേധിച്ചു. പക്ഷേ, റഫറി വഴങ്ങിയില്ല. ഗോളിൽ ഉറച്ചുനിന്നു. ഇതിനിടെയാണ്‌ വുകോമനോവിച്ച്‌ കളിക്കാരെ തിരികെവിളിച്ചത്‌. റഫറിയുമായി ഏറെനേരം ചർച്ച ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. കളിക്കാരും പരിശീലകസംഘവും മടങ്ങി. ബംഗളൂരുവിന്‌ സെമിയിൽ മുംബൈ സിറ്റിയാണ്‌ എതിരാളികൾ. ഇന്ന്‌ നടക്കുന്ന രണ്ടാം പ്ലേ ഓഫിൽ എടികെ മോഹൻ ബഗാനും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടും. കടുത്ത നടപടി വന്നേക്കും റഫറിയുടെ തീരുമാനം അംഗീകരിക്കാതെ കളംവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ കടുത്ത അച്ചടക്ക നടപടി വന്നേക്കും. 
കളിക്കാരെ തിരിച്ചുവിളിച്ച കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ്‌ ഐഎസ്‌എൽ സംഘാടകരുടെ പ്രാഥമിക വിലയിരുത്തൽ. Read on deshabhimani.com

Related News