ജിയാനു, കലിയുഷ്‌നി, 
മോൻഗിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടു



കൊച്ചി കഴിഞ്ഞ സീസൺ ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച മൂന്ന്‌ വിദേശ താരങ്ങൾ ക്ലബ് വിട്ടു. മുന്നേറ്റതാരങ്ങളായ അപോസ്‌തലോസ്‌ ജിയാനു, ഇവാൻ കലിയുഷ്‌നി, പ്രതിരോധക്കാരൻ വിക്ടർ മോൻഗിൽ എന്നിവർ ഇനി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമില്ല. പ്രതിരോധതാരം ഹർമൻജോത്‌ കബ്രയും മുഹീത്‌ ഖാനും ഒഴിവായി. ഉക്രയ്‌ൻ ക്ലബ് ഒലെക്‌സാൻഡ്രിയയിൽനിന്ന്‌ വായ്‌പയടിസ്ഥാനത്തിലാണ്‌ കലിയുഷ്‌നി ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്‌. 18 കളിയിൽ നാല്‌ ഗോളടിച്ചു ഈ ഇരുപത്തഞ്ചുകാരൻ. സീസണിന്റെ തുടക്കത്തിൽ മികച്ചുകളിച്ച കലിയുഷ്‌നി അവസാനഘട്ടത്തിൽ അത്‌ നിലനിർത്താനായില്ല. ഗ്രീക്കുകാരനായ ജിയാനുവിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 കളിയിൽ രണ്ട്‌ ഗോൾ മാത്രമാണ്‌ നേടാനായത്‌. മോൻഗിൽ അവസാന മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണിൽ ഫൈനലിൽ കടക്കാൻ ബ്ലാസ്‌റ്റേഴ്‌സിന്‌ കഴിഞ്ഞിരുന്നില്ല. Read on deshabhimani.com

Related News