സ്വന്തം തട്ടകത്തിലെ ബ്ലാസ്‌റ്റേഴ്സ്‌ ; 21 കളിയിൽ 10 ജയം, 
10 തോൽവി, ഒരു സമനില

image credit keralablasters fc twitter


കൊച്ചി ആരാധകർ  ഒരിക്കലും പ്രതീക്ഷിക്കാത്തവിധത്തിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എല്ലിൽ ഈ സീസൺ അവസാനിപ്പിച്ചത്‌. പ്ലേ ഓഫിൽ ബംഗളൂരു എഫ്‌സിയുടെ സുനിൽ ഛേത്രിയുടെ വിവാദഗോളിൽ പ്രതിഷേധിച്ച്‌ കളംവിട്ടതുമായി ബന്ധപ്പെട്ടുള്ള അലയൊലി അവസാനിച്ചിട്ടില്ല. ഇവാൻ വുകോമനോവിച്ചിനുകീഴിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ഈ സീസണിൽ. അവസാന കളികളിലെ തുടർത്തോൽവികളാണ്‌ വിനയായത്‌. അവസാന അഞ്ച്‌ കളിയിൽ നാലിലും തോൽവിയായിരുന്നു. കഴിഞ്ഞ സീസണിലെ കിരീടപ്പോരിൽ ഹൈദരാബാദ്‌ എഫ്‌സിയോട്‌ പൊരുതിവീണ ബ്ലാസ്‌റ്റേഴ്‌സ്‌ ഈ സീസണിൽ അതുപോലൊരു പോരാട്ടം പ്രതീക്ഷിച്ചു. ആദ്യഘട്ടത്തിൽ പതറിയെങ്കിലും ഇടയ്‌ക്ക്‌ തുടർജയങ്ങളുമായി മുന്നേറാൻ ടീമിന്‌ കഴിഞ്ഞു. എന്നാൽ, സ്വന്തം തട്ടകത്തിലെ മികവ്‌ എതിർത്തട്ടകങ്ങളിൽ ആവർത്തിക്കാൻ കഴിയാതെപോയി. നേടിയ 10 ജയങ്ങളിൽ മൂന്നെണ്ണംമാത്രമാണ്‌ എതിർത്തട്ടകത്തിൽ. കൊച്ചിയിൽ ഏഴ്‌ ജയം. ലീഗിലെ അവസാന കളിയിൽ ഹൈദരാബാദിനോട്‌ സ്വന്തം തട്ടകത്തിൽ തോറ്റു. അഡ്രിയാൻ ലൂണയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. എന്നാൽ, ലീഗിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ ലൂണ തളർന്നു. അത്‌ ടീമിനെയും ബാധിച്ചു. ഇവാൻ കലിയുഷ്‌നിക്കും ആദ്യ മത്സരങ്ങളിലെ മികവ്‌ ആവർത്തിക്കാനായില്ല. മലയാളിതാരം സഹൽ അബ്‌ദുൾ സമദും അവസാന മത്സരങ്ങളിൽ നിരാശപ്പെടുത്തി. 20 കളിയിൽ മൂന്ന്‌ ഗോളാണ്‌ സമ്പാദ്യം. ടീം സീസണിൽ 21 കളിയിൽ നേടിയത്‌ 28 ഗോളാണ്‌. 10 ഗോളടിച്ച ദിമിത്രിയോസ്‌ ഡയമന്റാകോസാണ്‌ ടോപ്‌ സ്‌കോറർ. പ്രതിരോധത്തിൽ മാർകോ ലെസ്‌കോവിച്ച്‌ പരിക്കുകാരണം പുറത്തിരുന്ന മത്സരങ്ങളിലെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടി കിട്ടി. പലപ്പോഴും ഗോൾ കീപ്പർ പ്രഭ്‌സുഖൻ സിങ്‌ ഗില്ലിന്റെ പ്രകടനങ്ങളാണ്‌ കാത്തത്‌.യുവതാരങ്ങൾക്ക്‌ വുകോമനോവിച്ച്‌ അവസരങ്ങൾ ഏറെ നൽകി. വിബിൻ മോഹനൻ ബംഗളൂരുവിനെതിരെ മുഴുവൻ സമയവും കളിച്ചു. മറ്റൊരു യുവതാരം നിഹാൽ സുധീഷും ചില മത്സരങ്ങളിൽ കളിച്ചു. വുകോമനോവിച്ചിന് 2025വരെ കരാറുണ്ട്. ഭാവി 
എന്ത് ? മത്സരത്തിനിടെ പ്രതിഷേധിച്ച്‌ കളംവിട്ടതിന്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെയും നടപടിയുണ്ടാകും. പിഴമുതൽ വിലക്കുവരെയാണ്‌ സാധ്യത.  അതിനിടെ, വുകോമനോവിച്ചിന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ടീം അധികൃതർ പൂർണപിന്തുണ നൽകി. ഇതുവരെ ക്ലബ്ബോ പരിശീലകനോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്‌റ്റൽ ജോണിനെതിരെ ബ്ലാസ്‌റ്റേഴ്‌സ്‌ പരാതി നൽകിയേക്കും. Read on deshabhimani.com

Related News