ബെൻസെമ, കാന്റെ ഇത്തിഹാദിൽ



റിയാദ്‌> ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്കുപിന്നാലെ കരിം ബെൻസെമയും സൗദി ഫുട്‌ബോൾ ലീഗിൽ. സൗദി പ്രോ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ അൽ ഇത്തിഹാദുമായാണ്‌ ഫ്രഞ്ചുകാരൻ കരാർ ഒപ്പുവച്ചത്‌. മൂന്ന്‌ വർഷത്തേക്കാണ്‌ കരാർ. കഴിഞ്ഞദിവസം റയൽ മാഡ്രിഡിൽ ബെൻസെമ കളി അവസാനിപ്പിച്ചിരുന്നു. സീസണിൽ ഏകദേശം 1800 കോടി രൂപയായിരിക്കും ഇത്തിഹാദ്‌ ബെൻസെമയ്‌ക്ക്‌ നൽകുക. റൊണാൾഡോയുടെ അൽ നാസെറിനെ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ ഇത്തിഹാദ്‌ ലീഗ്‌ കിരീടം ചൂടിയത്‌. വൂൾവ്‌സിന്റെയും ടോട്ടനം ഹോട്‌സ്‌പറിന്റെയും മുൻ പരിശീലകനായ ന്യൂനോ എസ്‌പിരിറ്റോ സാന്റോയാണ്‌ ക്ലബ്ബിന്റെ കോച്ച്‌. മറ്റൊരു ഫ്രഞ്ച്‌ താരം എൻഗോളോ കാന്റെയും ഇത്തിഹാദിൽ ചേർന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയിലായിരുന്നു ഫ്രാൻസിന്റെ ഈ ലോകകപ്പ് താരം. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ റയൽ മാഡ്രിഡ് കൂടാരത്തിലെത്തിക്കും. ഏകദേശം 910 കോടി രൂപയ്ക്കായിരിക്കും കരാർ. ആറ് വർഷത്തേക്കാണ് പത്തൊമ്പതുകാരനുമായി കരാർ ഒപ്പിടുന്നത്. Read on deshabhimani.com

Related News