15 പോയിന്റ്‌ ! 
യുവന്റസിന്‌ ശിക്ഷ



റോം കൈമാറ്റവിപണിയിലെ സാമ്പത്തികചട്ടം ലംഘിച്ചതിന്‌ യുവന്റസിന്‌ കനത്തശിക്ഷ വിധിച്ച്‌ ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ. പിഴയായി ഇറ്റാലിയൻ ലീഗിൽ 15 പോയിന്റ്‌ കുറച്ചു. ഇതോടെ 37 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ടായിരുന്ന മുൻ ചാമ്പ്യൻമാർ 22 പോയിന്റോടെ പത്താംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 20 മത്സരങ്ങൾകൂടി ശേഷിക്കെ ആദ്യ നാലിൽ ഇടംപിടിച്ച്‌ ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യത ഉറപ്പിക്കാൻ ഇനി യുവന്റസ്‌ വിയർക്കും.  താരകൈമാറ്റ വിപണിയുമായി ബന്ധപ്പെട്ട കണക്കുകളിൽ ക്ലബ് തിരിമറി നടത്തിയെന്ന്‌ ഇറ്റാലിയൻ ഫെഡറേഷൻ വ്യക്തമാക്കി. തെറ്റായൊന്നും ചെയ്‌തില്ലെന്നും നടപടിക്കെതിരെ അപ്പീൽ പോകുമെന്നും യുവന്റസ്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുകയാണ്‌ ഇറ്റാലിയൻ ക്ലബ്. നവംബറിൽ പ്രസിഡന്റ്‌ ആൻഡ്രിയ ആഗ്‌നേല്ലി ഉൾപ്പെടെയുള്ള ഭരണസമിതി രാജിവച്ചിരുന്നു. ആഗ്‌നെല്ലിക്കും മുൻ ചീഫ്‌ എക്സിക്യൂട്ടീവ്‌ മൗറീസിയോ അറിവാബെനെക്കും രണ്ട്‌ വർഷം വിലക്കുണ്ട്‌. നിലവിലെ സ്‌പോർട്‌സ്‌ ഡയറക്ടർ ഫെഡറികോ കെറുബിനിക്കും ഒന്നരവർഷവും വിലക്കേർപ്പെടുത്തി. മാനേജ്‌മെന്റിലുണ്ടായിരുന്ന ആകെ 11 പേർക്കെതിരെയാണ്‌ ഫെഡറേഷൻ നടപടിയെടുത്തത്‌. 2006ൽ അഴിമതിയിൽ ഉൾപ്പെട്ട്‌ യുവന്റസിനെ ഇറ്റാലിയൻ ലീഗ്‌ രണ്ടാംഡിവിഷനിൽ തരംതാഴ്‌ത്തിയിരുന്നു. Read on deshabhimani.com

Related News