ചെന്നൈ എക്‌സ്‌പ്രസ്‌

www.facebook.com/IPL/photos


ന്യൂഡൽഹി> ഇത്‌ പുതിയ ചെന്നൈ. രൂപവും ഭാവവും മാറിയ സൂപ്പർ കിങ്‌സ്‌. കഴിഞ്ഞ ഐപിഎൽ ക്രിക്കറ്റ്‌ സീസണിൽ ഒമ്പതാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട ടീമിന്റെ രാജകീയ തിരിച്ചുവരവ്‌. അവസാനമത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 77 റണ്ണിന്‌ തകർത്ത്‌ ഒരിക്കൽക്കൂടി പ്ലേഓഫിൽ. നാലുതവണ കിരീടം നേടിയ ടീമിന്റെ പന്ത്രണ്ടാം പ്ലേഓഫാണിത്‌. രണ്ടുതവണമാത്രം പിഴച്ചു. മഞ്ഞക്കുപ്പായത്തിൽ, മഹേന്ദ്ര സിങ് ധോണിക്കുകീഴിൽ അവിസ്‌മരണീയ വിരുന്നൊരുക്കിയാണ്‌ വിജയം. 14 കളിയിൽ എട്ടു ജയത്തോടെ 17 പോയിന്റും രണ്ടാംസ്ഥാനവും. സ്‌കോർ: ചെന്നൈ 3–-223, ഡൽഹി 9–-146. ടോസ്‌ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഓപ്പണർമാർ തകർപ്പൻ പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ന്യൂസിലൻഡ്‌ താരം ഡെവൻ കോൺവെയും ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും കരുണയില്ലാതെ ഡൽഹി ബൗളർമാരെ ശിക്ഷിച്ചു. ഇരുവരും 15 ഓവറോളം ബാറ്റ്‌ ചെയ്‌തു. കോൺവെ 52 പന്തിൽ 87 റണ്ണെടുത്തു. 11 ഫോറും മൂന്ന്‌ സിക്‌സറും പറത്തി. ഋതുരാജ്‌ 50 പന്തിൽ 79 റൺ നേടി. അതിൽ ഏഴ്‌ സിക്‌സറും മൂന്ന്‌ ഫോറും. ഇരുവരും ചേർന്ന്‌ 141 റണ്ണടിച്ചു. മൂന്ന്‌ സിക്‌സറടിച്ചാണ്‌ ശിവം ദുബെ മടങ്ങിയത്‌. ഒമ്പതു പന്തിൽ 22 റൺ. രവീന്ദ്ര ജഡേജയും (7 പന്തിൽ 20) ധോണിയും (4 പന്തിൽ 5) പുറത്താകാതെ നിന്നു. അവസാന അഞ്ച്‌ ഓവറിൽ ചെന്നൈ ബാറ്റർമാർ 75 റണ്ണടിച്ചു. മൂന്നാം അർധസെഞ്ചുറി നേടിയ മഹാരാഷ്‌ട്രക്കാരൻ ഋതുരാജാണ്‌ കളിയിലെ താരം. ഡൽഹിയുടെ മറുപടിക്ക്‌ ക്യാപ്‌റ്റനും ഓപ്പണറുമായ ഡേവിഡ്‌ വാർണർമാത്രമാണ്‌ ഉണ്ടായിരുന്നത്‌.  പത്തൊമ്പതാം ഓവർവരെ പൊരുതിയ ഓസ്‌ട്രേലിയക്കാരൻ 58 പന്തിൽ 86 റണ്ണടിച്ചു. അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറും നിറഞ്ഞ ഇന്നിങ്സ്‌. പിന്തുണയ്‌ക്കാൻ ആരുമുണ്ടായില്ല. എട്ടു ബാറ്റർമാർ ഒറ്റ അക്കത്തിൽ ഒതുങ്ങി. ചെന്നൈക്കായി ദീപക്‌ ചഹാർ മൂന്ന്‌ വിക്കറ്റെടുത്തു. ശ്രീലങ്കൻ ബൗളർമാരായ മഹീഷ്‌ തീക്ഷ്‌ണയും മതീഷ പതിരണയും രണ്ട്‌ വിക്കറ്റുവീതം സ്വന്തമാക്കി. Read on deshabhimani.com

Related News