കെട്ടിലും മട്ടിലും മാറ്റം, ‘സ്വാധീനതാരം’ കളത്തിൽ ; ആദ്യമായി ‘ഇംപാക്ട് പ്ലെയർ’ , ടോസിട്ടാലും ടീം മാറ്റാം , വെെഡിനും ഡിആർഎസ്



  അഹമ്മദാബാദ്‌ അടിമുടി മാറി ഇക്കുറി ഐപിഎൽ. കെട്ടിലും മട്ടിലും മാറ്റം. സ്വാധീനതാരം (‘ഇംപാക്‌ട്‌ പ്ലെയർ’) എന്ന ആശയമാണ്‌ അതിൽ മുഖ്യം. വൈഡിന്‌ ഡിആർഎസ്‌, വിക്കറ്റ്‌ കീപ്പറുടെ അനാവശ്യ ചലനങ്ങളിൽ ശിക്ഷ, നിശ്‌ചിതസമയത്ത്‌ ഓവർ പൂർത്തിയാക്കാത്തതിന്‌ കളത്തിൽതന്നെ നടപടി എന്നിങ്ങനെയാണ്‌ 16–-ാംപതിപ്പിലെ മാറ്റങ്ങൾ. സ്വാധീനതാരം എന്ന ആശയം ബിസിസിഐ സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയിൽ പരീക്ഷിച്ചതാണ്‌. ഐപിഎല്ലിൽ എത്തുമ്പോൾ ഇത്‌ വീണ്ടും പരിഷ്‌കരിച്ചു. മുഷ്‌താഖ്‌ അലിയിൽ ടോസിനുമുമ്പുതന്നെ കളിക്കാരന്റെ പേര്‌ നൽകണമായിരുന്നു. പോരാത്തതിന്‌ ഒരു ഇന്നിങ്‌സിന്റെ 14 ഓവർ പൂർത്തിയാകുന്നതിനുമുമ്പ്‌ ആ കളിക്കാരനെ കളത്തിലിറക്കുകയും ചെയ്യണമായിരുന്നു. ഐപിഎല്ലിൽ എത്തുമ്പോൾ അതിന്‌ മാറ്റംവന്നു. ടോസ്‌ സമയത്ത്‌ ക്യാപ്‌റ്റൻമാർക്ക്‌ രണ്ട്‌ ടീം പട്ടിക കൈയിൽവയ്‌ക്കാം. ടോസിനുശേഷം സാഹചര്യം അനുസരിച്ച്‌ കളിക്കാരുടെ പട്ടിക കൈമാറിയാൽ മതി. ടോസ്‌ നേടുന്ന ടീമിന്‌ കിട്ടുന്ന ആനുകൂല്യം ഇതുവഴി ഇല്ലാതാകും. ഇന്ത്യൻ പിച്ചുകളിലെ മഞ്ഞുവീഴ്‌ച സാധാരണഗതിയിൽ രണ്ടാമത്‌ പന്തെറിയുന്ന ടീമുകളെ ബാധിക്കാറുണ്ട്‌. സ്വാധീനതാരം വരുന്നതോടെ ടീമുകൾക്ക്‌ ഈ സാഹചര്യം മറികടക്കാനാകും. ഒരു ഇന്നിങ്‌സിന്റെ ഏതുഘട്ടത്തിലും ഈ കളിക്കാരനെ കളത്തിലിറക്കാം. ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീം തുടക്കത്തിലേ തകർന്നുപോകുകയാണെങ്കിൽ ഒരു സ്പെഷ്യൽ ബാറ്ററെ ഇറക്കാൻ ആ ടീമിന്‌ കഴിയും. നേരെമറിച്ച്‌ മികച്ച തുടക്കമാണെങ്കിൽ അവസാനഘട്ടത്തിൽ ഒരു വെടിക്കെട്ട്‌ ബാറ്ററെ ഇറക്കി വമ്പൻ സ്‌കോർ നേടാനുള്ള സാഹചര്യവുമൊരുക്കാം. പിച്ച്‌ സ്‌പിന്നിന്‌ അനുകൂലമാകുന്ന സാഹചര്യംവരുന്നഘട്ടത്തിൽ മൂന്ന്‌ പേസർമാരാണ്‌ ആദ്യ പതിനൊന്നിൽ ഉള്ളതെങ്കിൽ ഒരാളെ മാറ്റി സ്‌പിന്നറെ ഇറക്കാം. ഓൾറൗണ്ടർമാരുടെ സ്വാധീനം സ്വാധീനതാരം കുറയ്‌ക്കുമെന്നായിരുന്നു ഡൽഹി ക്യാപിറ്റൽസ്‌ പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. ഒരു ടീം സ്‌കോർ പ്രതിരോധിക്കാനാണ്‌ ഇറങ്ങുന്നതെങ്കിൽ ഒരു അധിക ബൗളറെ ഉൾപ്പെടുത്തും. മറിച്ച്‌ വലിയ സ്‌കോർ മറികടക്കാനാണ്‌ ഇറങ്ങുന്നതെങ്കിൽ ഒരു അധിക ബാറ്ററെ തെരഞ്ഞെടുക്കും. നിലവിൽ ഇന്ത്യൻ താരങ്ങൾക്കാണ്‌ സ്വാധീനതാരമാകാൻ കൂടുതൽ സാധ്യത. ഇപ്പോൾ ഒരു ടീമിന്‌ നാല്‌ വിദേശതാരങ്ങളെയാണ്‌ കളിപ്പിക്കാനാകുക. എന്നാൽ മുംബൈ ഇന്ത്യൻസ്‌, ഗുജറാത്ത്‌ ടൈറ്റൻസ്‌ ടീമുകൾ ആദ്യ പതിനൊന്നിൽ മൂന്ന്‌ വിദേശതാരങ്ങളെ ഉൾപ്പെടുത്തി ഒരാളെ സ്വാധീനതാരമാക്കാനുള്ള ഒരുക്കത്തിലാണ്‌. വെെഡിനും, നോ ബോളിനും അമ്പയറോട് പുന:പരിശോധനയ്--ക്ക് ആവശ്യപ്പെടാം എന്നതാണ് മറ്റൊരു സവിശേഷത. Read on deshabhimani.com

Related News