ബട്‌ലർക്ക്‌ വീണ്ടും സെഞ്ചുറി; ബാംഗ്ലൂരിനെ തകർത്ത്‌ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ

Photo courtesy: twitter/rr


അഹമ്മദാബാദ്‌ > ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ്‌–ഗുജറാത്ത്‌ ടൈറ്റൻസ്‌ ഫൈനൽ. രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്താണ്‌ രാജസ്ഥാൻ കിരീടപ്പോരിന്‌ യോഗ്യത നേടുന്നത്‌. സീസണിലെ നാലാം സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ജോസ്‌ ബട്‌ലറിന്റെ (60 പന്തിൽ 106*) കരുത്തിലാണ്‌ ജയം. രാജസ്ഥാന്റെ രണ്ടാം ഫൈനലാണിത്‌. 2008ലെ കന്നി പതിപ്പിൽ ജേതാക്കളായിരുന്നു. ഞായർ രാത്രി എട്ടിന്‌ അഹമ്മദാബാദിലാണ്‌ ഫൈനൽ. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനോട്‌ തോറ്റിരുന്നു സഞ്ജു സാംസണും സംഘവും. സ്‌കോർ: ബാംഗ്ലൂർ 8–-157, രാജസ്ഥാൻ 3–-161 (18.1). ജയത്തിലേക്ക്‌ പതർച്ചകളൊന്നുമില്ലാതെയാണ്‌ രാജസ്ഥാൻ ബാറ്റേന്തിയത്‌. ബട്‌ലറും യശ്വസി ജയ്‌സ്വാളും (13 പന്തിൽ 21) നന്നായി തുടങ്ങി. അഞ്ചോവറിൽ 61 റൺ നേടിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നാലെവന്ന സഞ്ജുവുമൊന്നിച്ച്‌  (21 പന്തിൽ 23) ബട്‌ലർ രാജസ്ഥാനെ നയിച്ചു. ആറ്‌ സിക്‌സറും 10 ഫോറും വലംകൈയൻ കുറിച്ചു. 16 കളിയിൽ 818 റണ്ണുമായി റൺവേട്ടക്കാരിൽ ഒന്നാമനാണ്‌. രാജസ്ഥാൻ പേസർമാരായ പ്രസിദ്ധ്‌ കൃഷ്ണയും ഒബെദ്‌ മക്കോയിയുമാണ്‌ ഫാഫ്‌ ഡു പ്ലെസിസിനെയും കൂട്ടരെയും നിയന്ത്രിച്ചത്‌. ഇരുവരും മൂന്നുവീതം വിക്കറ്റ്‌ വീഴ്‌ത്തി. രജത്‌ പാട്ടീദാറാണ്‌ (42 പന്തിൽ 58) ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറർ. അവസാന ആറ്‌ വിക്കറ്റുകൾ 43 റണ്ണെടുക്കുന്നതിനിടെ നഷ്ടമായി. Read on deshabhimani.com

Related News