കാൾസനോ നിപോംനിഷിയോ



എല്ലാം ഒരുങ്ങി. ഇനി കരുക്കൾ നീക്കുകയേ വേണ്ടൂ. ദുബായ് എക്‌സ്‌പോയിലെ സ്റ്റേറ്റ് ഓഫ് ആർട്ട് എക്‌സിബിഷൻ ഹാൾ പുതിയ ലോക ചെസ്‌ ചാമ്പ്യനെ വരവേൽക്കും. നിലവിലെ ചാമ്പ്യൻ നോർവേക്കാരൻ മാഗ്നസ്‌ കാൾസനും റഷ്യയിൽനിന്നുള്ള ഇയാൻ നിപോംനിഷിയും അവസാന തയ്യാറെടുപ്പും പൂർത്തിയാക്കി കളത്തിലേക്ക്‌. ഔപചാരികോദ്‌ഘാടനം ബുധൻ രാത്രിയായിരുന്നു. 14 ഗെയിമുകളിൽ ആദ്യത്തേത്‌ ഇന്ന്‌ വൈകിട്ട്‌ ആറിനാണ്‌. ഒരുദശാബ്ദത്തിലേറെ ലോക ഒന്നാംനമ്പർ താരമായി വിരാജിക്കുന്ന കാൾസൻ കിരീടം നിലനിർത്തുമോയെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. 2013ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ കീഴ്പെടുത്തിയശേഷം കാൾസൻ നടത്തിയ അജയ്യമായ കുതിപ്പിന് തടയിടാൻ പിന്നീട് വന്ന എതിരാളികൾക്ക് സാധിച്ചില്ല. ലോക ചെസിലെ മൂന്ന്‌ രൂപഭേദങ്ങളായ ക്ലാസിക്കൽ, റാപിഡ്, ബ്ലിറ്റ്സ് എന്നിവയിൽ അനിഷേധ്യനാണ്‌ കാൾസൻ. ക്ലാസിക്കൽ ലോക ചാമ്പ്യൻഷിപ് മത്സരങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ലോക അഞ്ചാംനമ്പർ താരമായ നിപോംനിഷി കാൻഡിഡേറ്റ്സ് മത്സരങ്ങൾ ജയിച്ച് പ്രബലരെയെല്ലാം പിന്തള്ളിയാണ് അന്തിമപോരാട്ടത്തിനായുള്ള ചാലഞ്ചറായി മാറിയത്. കഴിഞ്ഞ ലോക കിരീടപോരാട്ടങ്ങളിലെല്ലാം കാൾസനെതിരെ മത്സരിച്ച പ്രതിയോഗികൾ മൈനസ് സ്‌കോറുമായാണ് ചാമ്പ്യനെ നേരിട്ടത്‌. എന്നാൽ, നിപോംനിഷി നാലു ജയം, ഒരു തോൽവി, എട്ട്‌ സമനില എന്ന പ്ലസ് സ്‌കോറോടെയാണ് ചലഞ്ചറുടെ ഇരിപ്പിടത്തിലേക്ക് കടന്നുവരുന്നത്. Read on deshabhimani.com

Related News