ഇന്റർ കോണ്ടിനെന്റൽ കപ്പിന്‌ കിക്കോഫ്‌ ; ഇന്ന്‌ ഇന്ത്യ x മംഗോളിയ



ഭുവനേശ്വർ ഇന്ത്യയടക്കം നാല്‌ രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ കിക്കോഫ്‌. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയമാണ്‌ വേദി. വൈകിട്ട്‌ 4.30ന്‌ ലെബനൻ വനുവാട്ടുവിനെയും രാത്രി 7.30ന്‌ ഇന്ത്യ മംഗോളിയയെയും നേരിടും. കൂടുതൽ പോയിന്റ്‌ ലഭിക്കുന്ന രണ്ട്‌ ടീമുകൾ 18ന്‌ ഫൈനൽ കളിക്കും. നെഹ്‌റു കപ്പിന്‌ പകരമായി 2018ൽ ആരംഭിച്ച ഇന്റർ കോണ്ടിനെന്റൽ കപ്പിലെ  ആദ്യ ജേതാക്കൾ ഇന്ത്യയാണ്‌. 2019ൽ ഉത്തരകൊറിയ കിരീടം നേടി. ഇത്തവണ മൂന്നാംപതിപ്പാണ്‌. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 101–-ാംസ്ഥാനത്താണ്‌. സുനിൽ ഛേത്രി നയിക്കുന്ന 25 അംഗ ടീമിൽ രണ്ട്‌ മലയാളികളുണ്ട്‌. ആഷിഖ്‌ കുരുണിയനും സഹൽ അബ്‌ദുൽ സമദും. വനുവാട്ടു ഓസ്‌ട്രേലിയക്കടുത്ത്‌ ദക്ഷിണ പസിഫിക്‌ സമുദ്രത്തിലെ ദ്വീപാണ്‌. ഫിഫ റാങ്ക്‌ 164. ലെബനൻ റാങ്ക്‌  99. മംഗോളിയയുടേത്‌ 183. ഇന്ത്യ 12ന്‌ വനുവാട്ടുവിനെയും 15ന്‌ ലെബനനെയും നേരിടും. മത്സരങ്ങൾ സ്‌റ്റാർ സ്‌പോർട്‌സ്‌, ഡിസ്‌നി പ്ലസ്‌, ജിയോ ടിവി എന്നിവയിൽ തത്സമയം കാണാം. ഈ ടൂർണമെന്റിനുശേഷം ഇന്ത്യക്ക്‌ എട്ട്‌ ടീമുകൾ അണിനിരക്കുന്ന സാഫ്‌ കപ്പുണ്ട്‌.  ബംഗളൂരുവിൽ ജൂൺ 21 മുതൽ ജൂലൈ നാലുവരെയാണ്‌. Read on deshabhimani.com

Related News