മഴയെടുത്ത്‌ ഫൈനൽ ; അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു

image credit bcci twitter


ബംഗളൂരു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ്‌ ‘ഫൈനലി’ന്റെ രസം ചോർത്തി മഴ. അഞ്ചാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. പരമ്പര 2–-2 സമനിലയായി. മഴമൂലം 50 മിനിറ്റ്‌ വൈകിയ കളി 19 ഓവറായി ചുരുക്കിയിരുന്നു.  നാലാമത്തെ ഓവറായപ്പോഴേക്കും മഴ വീണ്ടുമെത്തി. കളി നിർത്തുമ്പോൾ ഇന്ത്യ 3.3 ഓവറിൽ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 28 റണ്ണെടുത്തു. ഒറ്റ റണ്ണുമായി ക്യാപ്‌റ്റൻ ഋഷഭ്‌ പന്തും റണ്ണെടുക്കാതെ ശ്രേയസ്‌ അയ്യരുമായിരുന്നു ക്രീസിൽ. രണ്ട്‌ മണിക്കൂറോളം കാത്തിരുന്നെങ്കിലും മഴ കുറയാത്ത സാഹചര്യത്തിൽ കളി ഉപേക്ഷിക്കുകയായിരുന്നു. ഏഴുപന്തിൽ 15 റണ്ണടിച്ച ഇഷാൻ കിഷനും 12 പന്തിൽ 10 റൺ നേടിയ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും പുറത്തായി. തുടർച്ചയായി അഞ്ചാം മത്സരത്തിലും ടോസ്‌ നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്‌റ്റൻ ടെംബ ബവുമക്ക്‌ പകരം ചുമതലയുള്ള കേശവ്‌ മഹാരാജിന്റെ ആദ്യ ഓവറിൽ  ഇന്ത്യൻ ഓപ്പണർമാർ തകർത്തടിച്ചു. ഈ സ്‌പിന്നറുടെ ഓവറിൽ 16 റൺ. അതിൽ ഇഷാന്റെ രണ്ട്‌ സിക്‌സറും ഉൾപ്പെട്ടു. ലുങ്കി എൻഗിഡിയുടെ രണ്ടാം ഓവറിൽ ഇഷാന്റെ കുറ്റി തെറിച്ചു. കഗീസോ റബാദയുടെ മൂന്നാം ഓവറിനുശേഷം എൻഗിഡി വീണ്ടും വിക്കറ്റെടുത്തു. ഋതുരാജിനെ പ്രിറ്റോറിയസ്‌ പിടികൂടി. ആ ഓവർ മുഴുവനാക്കുംമുമ്പ്‌ വീണ്ടും മഴയെത്തി.  ആദ്യ രണ്ട്‌ കളിയും ദക്ഷിണാഫ്രിക്കയാണ്‌ ജയിച്ചത്‌. മൂന്നും നാലും കളി ജയിച്ച്‌ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. Read on deshabhimani.com

Related News