മോഡൽ പരീക്ഷ ; ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര

ദിനേശ് കാർത്തിക‍്, യുശ്-വേന്ദ്ര ചഹാൽ, വിരാട് കോഹ്-ലി എന്നിവർക്കൊപ്പം പരിശീലകൻ രാഹുൽ ദ്രാവിഡ്/ ഫോട്ടോ: എ ആർ അരുൺരാജ്


തിരുവനന്തപുരം ലോകകപ്പിനുമുമ്പുള്ള ‘മോഡൽ പരീക്ഷയ്‌ക്ക്‌’ രോഹിത്‌ ശർമയും കൂട്ടരും തയ്യാർ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയമാണ്‌ വേദി. എതിരാളി–-ദക്ഷിണാഫ്രിക്ക. മൂന്ന്‌ മത്സര ട്വന്റി–-20 പരമ്പരയിലെ ആദ്യ മത്സരത്തിന്‌ എല്ലാ ഒരുക്കവുമായി. രാത്രി ഏഴിനാണ്‌ അങ്കം. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പാണ്‌ ഇരുടീമുകൾക്കും. ലോകചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയം ആഘോഷിച്ച്‌ തീരുംമുമ്പാണ്‌ ഇന്ത്യ അടുത്ത പരീക്ഷണത്തിന്‌ ഇറങ്ങുന്നത്‌. ബാറ്റർമാർ തിളങ്ങിയെങ്കിലും ബൗളിങ്‌നിരയുടെ തുടർപരാജയമാണ്‌ തലവേദന. വലിയ സ്‌കോർ നേടിയിട്ടും പ്രതിരോധിക്കാനാകാത്ത അവസ്ഥ. അവസാന ഓവറുകളിൽ പേസർമാർ ആരും മിന്നുന്നില്ല. ഭുവനേശ്വർ കുമാറിനും ഹർഷൽ പട്ടേലിനും നിയന്ത്രണമില്ല. പരിക്കുമാറിയെത്തിയ മുഖ്യപേസർ ജസ്‌പ്രീത്‌ ബുമ്രയ്‌ക്കും താളംകണ്ടെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പേസർമാരുടെ പ്രകടനത്തിലാണ്‌ രോഹിത്‌ ശർമയുടെയും സംഘത്തിന്റെയും ശ്രദ്ധ.  സ്ഥിരതയോടെ കളിക്കുന്ന ഓൾറൗണ്ടർ ഹാർദിക്‌ പണ്ഡ്യക്ക്‌ വിശ്രമം അനുവദിച്ചിട്ടുണ്ട്‌. ഹാർദികിന്റെ അഭാവം ക്ഷീണം നൽകും. പകരമാരെന്ന്‌ തീരുമാനമായിട്ടില്ല. ദീപക്‌ ചഹാറിനാണ്‌ സാധ്യത. ഋഷഭ്‌ പന്തിനും ദിനേശ്‌ കാർത്തിക്കിനും ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകാനും ഇടയുണ്ട്‌. രോഹിത്‌–-ലോകേഷ്‌ രാഹുൽ ഓപ്പണിങ്‌ സഖ്യത്തിന്റെ സ്ഥിരതയില്ലായ്‌മ പരിഹരിക്കേണ്ടതുണ്ട്‌. സൂര്യകുമാർ യാദവാണ്‌ ബാറ്റിങ്നിരയുടെ തുരുപ്പുചീട്ട്‌. വലംകൈയന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങാണ്‌ മിക്ക മത്സരങ്ങളിലും തുണയായത്‌. സൂര്യകുമാർ മികവ്‌ തുടർന്നാൽ ഇന്ത്യ കുതിക്കും. വിരാട്‌ കോഹ്‌ലി തിരിച്ചുവരവിന്റെ പാതയിലാണ്‌. ഓസീസിനെതിരെ അരസെഞ്ചുറിയുമായി ജയത്തിൽ നിർണായകമായ മുൻക്യാപ്‌റ്റൻ മികവ്‌ തുടർന്നാൽ ലോകകപ്പിന്‌ ആത്മവിശ്വാസത്തോടെ പറക്കാം. യുശ്‌വേന്ദ്ര ചഹാലും അക്‌സർ പട്ടേലും സ്‌പിന്നർമാരാകും. ഇടംകൈയനായ അക്‌സർ മികച്ച ഫോമിലാണ്‌. ബുമ്രയ്‌ക്കൊപ്പം അർഷ്‌ദീപ്‌ സിങ്‌ പേസ്‌ വിഭാഗത്തിലുണ്ടാകും.   പരിക്കുമാറി ക്യാപ്‌റ്റൻ ടെംബ ബവുമ തിരിച്ചെത്തുന്ന ഊർജത്തിലാണ്‌ ദക്ഷിണാഫ്രിക്ക. ഇന്ത്യയിൽ കളിച്ചുതെളിഞ്ഞ ഒരുപിടി മികച്ച താരങ്ങളുണ്ട്‌ ടീമിൽ. ക്വിന്റൺ ഡി കോക്കും ഡേവിഡ്‌ മില്ലറുമാണ്‌ അപകടകാരികൾ. പുത്തൻ താരോദയം ഇരുപത്തിരണ്ടുകാരൻ ട്രിസ്റ്റൻ സ്‌റ്റബ്‌സിനെയും ഇന്ത്യൻ ബൗളർമാർ ഭയക്കേണ്ടതുണ്ട്‌. കഗീസോ റബാദയും ആൻറിച്ച്‌ നോർത്യെയും നയിക്കുന്ന പേസ്‌നിരയും പ്രബലർ. മധ്യഓവറുകളിൽ സ്‌പിന്നർ ടബ്രയിസ്‌ ഷംസിയും ഇന്ത്യക്ക്‌ ഭീഷണിയാകും. ബാറ്റർമാർക്ക്‌ ആധിപത്യമുള്ള പിച്ചാണ്‌ ഗ്രീൻഫീൽഡിൽ. മലയാളികളായ അനന്തപദ്മനാഭനും നിതിൻ മേനോനുമാണ് അമ്പയർമാർ. സാധ്യതാ ടീം ഇന്ത്യ: രോഹിത്‌ ശർമ (ക്യാപ്‌റ്റൻ), ലോകേഷ്‌ രാഹുൽ, വിരാട്‌ കോഹ്‌ലി, സൂര്യകുമാർ യാദവ്‌, ഋഷഭ്‌ പന്ത്‌, അക്‌സർ പട്ടേൽ, ദിനേശ്‌ കാർത്തിക്‌, ദീപക്‌ ചഹാർ, അർഷ്‌ദീപ്‌ സിങ്‌, ജസ്‌പ്രീത്‌ ബുമ്ര, യുസ്‌വേന്ദ്ര ചഹാൽ. ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്‌, ടെംബ ബവുമ (ക്യാപ്‌റ്റൻ), റിലീ റുസോവ്‌, ഐദെൻ മാർക്രം, ഡേവിഡ്‌ മില്ലർ, ട്രിസ്റ്റൻ സ്‌റ്റബ്‌സ്‌, ഡ്വെയ്‌ൻ പ്രിട്ടോറിയസ്‌, മാർകോ ജാൻസെൻ, കഗീസോ റബാദ, നോർത്യെ,  ടബ്രയിസ്‌ ഷംസി. ആക്രമണ 
ബാറ്റിങ്ങിന്‌ ഊന്നൽ: റാത്തോഡ് ബാറ്റിങ്ങിൽ ആക്രമണോത്സുകത കൊണ്ടുവരാനാണ്‌ ഇന്ത്യയുടെ ശ്രമമെന്ന്‌ ബാറ്റിങ്‌ പരിശീലകൻ വിക്രം റാത്തോഡ്. ‘ആദ്യം ബാറ്റ്‌ ചെയ്യുമ്പോൾ പരമാവധി റണ്ണടിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിൽ വിജയിക്കുന്നുമുണ്ട്‌. പക്ഷേ മെച്ചപ്പെടാനുണ്ട്‌’–- ക്യാപ്‌റ്റൻ രോഹിത്‌ ശർമക്കുപകരം മാധ്യമങ്ങളെക്കണ്ട റാത്തോഡ്  പറഞ്ഞു. ഋഷഭ്‌ പന്തിനും ദിനേശ്‌ കാർത്തിക്കിനും സ്ഥാനക്കയറ്റം നൽകുന്നത്‌ കളിയുടെ സാഹചര്യത്തിന്‌ അനുസരിച്ചാകും. റൺ പ്രതിരോധിക്കുമ്പോൾ ബൗളിങ്ങിൽ വീഴ്‌ച ഉണ്ടെന്നത്‌ സത്യമാണെന്നും ഇത്‌ പരിഹരിക്കാനുള്ള ആത്മാർഥശ്രമം ടീം നടത്തുമെന്നും റാത്തോഡ്  അറിയിച്ചു.    Read on deshabhimani.com

Related News