സാഹയ്‌ക്കും ശ്രേയസിനും അർധസെഞ്ചുറി; ന്യൂസിലൻഡിന്‌ 284 റൺസ്‌ വിജയലക്ഷ്യം



കാൺപൂർ > കാൺപൂർ ക്രിക്കറ്റ്‌ ടെസ്റ്റിൽ ന്യൂസിലൻഡിന്‌ 284 റൺ വിജയലക്ഷ്യം. മത്സരത്തിന്റെ നാലാം ദിവസം ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 234 റൺസെടുത്ത്‌ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 49 റൺസ്‌ ലീഡ്‌ നേടിയിരുന്നു. നാലാം ദിവസം കളി അവസാനിക്കുബോൾ ന്യൂസിലൻഡ്‌ ഒരു വിക്കറ്റ്‌ നഷ്‌ടത്തിൽ നാല്‌ റൺസ്‌ നേടിയിട്ടുണ്ട്‌. വിൽ യങ്ങിന്റെ വിക്കറ്റാണ്‌ കിവീസിന്‌ നഷ്‌ടമായത്‌. രണ്ട്‌ റൺ നേടിയ യങ്ങിനെ ആർ അശ്വിൻ വിക്കറ്റിന്‌ മുന്നിൽ കുടുക്കുകയായിരുന്നു.  രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റ്‌ കീപ്പർ വൃദ്ധിമാൻ സാഹയുടെ അർധ സെഞ്ചുറിയാണ്‌ ഇന്ത്യൻ സ്‌കോർ 200 കടത്തിയത്‌.  എട്ടാം വിക്കറ്റിൽ സാഹ അക്ഷർ പട്ടേൽ 65 റൺസ് സഖ്യം കൂട്ടിച്ചേർത്തു. 126 പന്തിൽ നിന്ന്‌ നാലു ഫോറും ഒരു സിക്‌സും ഉൾപ്പെടെ സാഹ 61 റൺസ്‌ നേടി. 67 പന്തിൽ നിന്ന്‌ രണ്ടു ഫോറും ഒരു സിക്‌സും സഹിതം അക്ഷർ പട്ടേൽ 28 റൺസെടുത്തു. 51 റൺസിനിടെ അഞ്ചു മുൻ നിര വിക്കറ്റുകൾ നഷ്‌ടമാക്കിയ ഇന്ത്യയ്‌ക്ക്‌ കരുത്തായത്‌ ആറാം വിക്കറ്റിലെ ശ്രേയസ് അയ്യർ‐ആർ അശ്വിൻ കൂട്ടുക്കെട്ടാണ്‌. ഇരുവരും ചേർന്ന്‌ 52 റൺസ്‌ കൂട്ടി ചേർത്തു. പിന്നാലെയെത്തിയ സാഹയും അയ്യരും ചേർന്ന്‌ 64 റൺസും ഇന്ത്യൻ സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ശ്രേയസ്‌ അയ്യർ 65 (125) റൺസെടുത്തു. ന്യൂസീലൻഡിനായി ടിം സൗത്തി, കൈൽ ജയ്‌മിസൻ എന്നിവർ മൂന്നു വിക്കറ്റ് വീതവും അജാസ് പട്ടേൽ ഒരു വിക്കറ്റും വീഴ്‌ത്തി.   Read on deshabhimani.com

Related News