വേണം റൺ ; ഇന്ത്യ ന്യൂസിലൻഡ്‌ അവസാന 
 ട്വന്റി 20 ഇന്ന്‌ അഹമ്മദാബാദിൽ

image credit bcci twitter


  അഹമ്മദാബാദ്‌ റൺവരൾച്ച മാറ്റി പരമ്പര കൈപ്പിടിയിലാക്കാൻ ഇന്ത്യ ഇറങ്ങുന്നു. ന്യൂസിലൻഡിനെതിരായ നിർണായക ട്വന്റി 20 ഇന്ന്‌ അഹമ്മദാബാദിലാണ്‌. മൂന്ന്‌ മത്സര ക്രിക്കറ്റ്‌ പരമ്പര 1–-1ന്‌ തുല്യമാണ്‌. ജയം പിടിക്കുന്നവർ പരമ്പര നേടും. 2012നുശേഷം ഇന്ത്യയിലെ ആദ്യ ജയമാണ്‌ കിവീസ്‌ ലക്ഷ്യമിടുന്നത്‌. ഹാർദിക്‌ പാണ്ഡ്യക്കും കൂട്ടർക്കുമാകട്ടെ ആധിപത്യം ഉറപ്പിക്കാനുള്ള അവസരവും. ഇന്ത്യയിൽ എതിരാളിക്ക്‌ പരമ്പരവിജയം ഒട്ടും എളുപ്പമല്ല. 2013നുശേഷം ദക്ഷിണാഫ്രിക്കയ്‌ക്കും ഓസ്‌ട്രേലിയക്കും മാത്രമാണ്‌ ഇന്ത്യയെ നാട്ടിൽ വീഴ്‌ത്താനായത്‌. 2012ൽ ന്യൂസിലൻഡ്‌ ട്വന്റി 20 പരമ്പര നേടിയിരുന്നു. യുവനിരയുണ്ടായിട്ടും ഈ ടൂർണമെന്റിൽ റണ്ണടിക്കുന്നതിൽ പിറകോട്ടാണ്‌ ഇന്ത്യ. തോറ്റ ആദ്യകളിയിൽ 155 റൺമാത്രമാണ്‌ നേടിയത്‌. ലഖ്‌നൗവിൽ രണ്ടാംമത്സരത്തിൽ 100 റൺ വിജയലക്ഷ്യം കാണാൻ 19.5 ഓവർ വേണ്ടിവന്നു. അതാകട്ടെ നാല്‌ വിക്കറ്റ്‌ നഷ്ടത്തിലും. മുൻനിര ബാറ്റർമാർ മിന്നാത്തതാണ്‌ തിരിച്ചടിയായത്‌. ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്‌മാൻ ഗില്ലും പതറി. പുറത്തിരുത്തിയ പൃഥ്വി ഷായെ എത്തിക്കണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും ഇന്നും ഇഷാനും ശുഭ്‌മാനും തുടരും. സുവർണാവസരം കിട്ടിയ രാഹുൽ തൃപാഠി പരാജയമായി. യുശ്‌വേന്ദ്ര ചഹാലിന്‌ പകരം ഉമ്രാൻ മാലിക് എത്തിയേക്കും. കിവീസ്‌ സ്‌പിൻനിരയ്‌ക്കുമുന്നിലാണ്‌ ഇന്ത്യൻ ബാറ്റർമാർക്ക്‌ അടിപതറുന്നത്‌. മിച്ചെൽ സാന്റ്‌നെറും ഇഷ്‌ സോധിയും മിച്ചായേൽ ബ്രേസ്‌വെല്ലുമെല്ലാം സാഹചര്യത്തിന്‌ അനുസരിച്ച്‌ പന്തെറിഞ്ഞ്‌ സമ്മർദത്തിലാക്കാൻ മിടുക്കരാണ്‌. കഴിഞ്ഞതവണ ചെറിയ സ്‌കോറിന്‌ പുറത്തായിട്ടും അവസാന ഓവർവരെ കളി നീട്ടിയത്‌ ഈ സ്‌പിൻ കരുത്തിലാണ്‌. ബാറ്റർമാർ സ്ഥിരത കാട്ടാത്തതാണ്‌ കിവീസിന്റെ തലവേദന. ഇത്‌ മറികടന്നാൽ ചരിത്രനേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്‌ സാന്റ്‌നെറും സംഘവും. അഹമ്മദാബാദിൽ ബാറ്റർമാർക്ക്‌ പിന്തുണ കിട്ടുന്ന പിച്ചാണ്‌. സാധ്യതാ ഇലവൻ ഇന്ത്യ: ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ തൃപാഠി, സൂര്യകുമാർ യാദവ്‌, ഹാർദിക്‌ പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക്‌ ഹൂഡ, വാഷിങ്‌ടൺ സുന്ദർ, ശിവം മാവി, കുൽദീപ്‌ യാദവ്‌, ഉമ്രാൻ മാലിക്, അർഷ്‌ദീപ്‌ സിങ്‌. ന്യൂസിലൻഡ്‌: ഡെവൻ കോൺവേ, ഫിൻ അലൻ, മാർക്‌ ചാപ്‌മാൻ, ഗ്ലെൻ ഫിലിപ്‌സ്‌, ഡാരിൽ മിച്ചെൽ, മിച്ചായേൽ ബ്രേസ്‌വെൽ, മിച്ചെൽ സാന്റ്‌നെർ (ക്യാപ്റ്റൻ), ഇഷ്‌ സോധി, ലോക്കി ഫെർഗൂസൻ, ജേകബ്‌ ഡഫി, ബ്ലെയ്‌ർ ടിക്‌നെർ. Read on deshabhimani.com

Related News