അയർലൻഡ്‌ പരീക്ഷ ; ഇന്ത്യയുടെ ആദ്യ ട്വന്റി–20 ഇന്ന്‌ രാത്രി ഒമ്പതിന്‌

image credit bcci twitter


ഡബ്ലിൻ ഇന്ത്യൻ യുവനിരയുടെ ‘അയർലൻഡ്‌ പരീക്ഷ’യ്‌ക്ക്‌ ഇന്ന്‌ തുടക്കം. രണ്ടു മത്സര ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യത്തേത്‌ രാത്രി ഒമ്പതിനാണ്‌. സീനിയർ ടീം ഇംഗ്ലണ്ടുമായുള്ള അഞ്ചാംടെസ്റ്റിന്‌ തയ്യാറെടുക്കവെ പുതുനിരയുമായാണ്‌ ഇന്ത്യ അയർലൻഡിൽ എത്തിയിരിക്കുന്നത്‌. ഹാർദിക്‌ പാണ്ഡ്യയാണ്‌ ക്യാപ്‌റ്റൻ. മലയാളിതാരം സഞ്ജു സാംസൺ ഉൾപ്പെടെ ഒട്ടേറെപ്പേർ കഴിവ്‌ തെളിയിക്കാനായി കാത്തിരിപ്പുണ്ട്‌. വി വി എസ്‌ ലക്ഷ്‌മണാണ്‌ പരിശീലകൻ. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ അരങ്ങേറുന്ന ലോകകപ്പ്‌ ലക്ഷ്യമിട്ടാണ്‌ യുവനിരയെ പരീക്ഷിക്കുന്നത്‌. 2007ലേതുപോലെ തികച്ചും പുതിയ സംഘത്തെ ലോകകപ്പിന്‌ അയക്കുക എന്ന ആലോചനയും ബിസിസിഐക്കുണ്ട്‌.  ഐപിഎല്ലിൽ മിന്നിയ സംഘമാണ്‌ ടീമിൽ. ഗുജറാത്ത്‌ ടൈറ്റൻസിനെ കിരീടത്തിലേക്ക്‌ നയിച്ച ഹാർദികിനെ നായകചുമതല ഏൽപ്പിച്ചു. രാഹുൽ തൃപാഠിയാണ്‌ അരങ്ങേറ്റക്കാരൻ. സഞ്ജുവിന്‌ സുവർണാവസരമാണ്‌. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഒഴിവാക്കപ്പെട്ട ഇരുപത്തേഴുകാരനെ തിരിച്ചുവിളിക്കുകയായിരുന്നു. അയർലൻഡിനെതിരെ തിളങ്ങിയാൽ വലംകൈയന്‌ ഓസ്‌ട്രേലിയയിലേക്ക്‌ പറക്കാം. ഏതു പ്രതിസന്ധിയിലും ആക്രമണശൈലിയിൽ ബാറ്റ്‌ വീശുന്നതാണ്‌ സഞ്ജുവിനുള്ള ഗുണം. 2020 മുതൽ ലോക ട്വന്റി–-20 ക്രിക്കറ്റിൽ മൂന്നാംനമ്പറിലിറങ്ങി ഏറ്റവും കൂടുതൽ റണ്ണടിച്ചതും സഞ്ജുവാണ്‌. 146.35 പ്രഹരശേഷിയിൽ 1405 റണ്ണാണ്‌ നേടിയത്‌. ഇന്ത്യക്കായി സഞ്‌ജു കളിച്ചത്‌ 13 ട്വന്റി–-20യാണ്‌. അതിൽ 12 ഇന്നിങ്സിൽ നേടിയത്‌ 174 റൺ. ഉയർന്ന സ്‌കോർ ശ്രീലങ്കയ്‌ക്കെതിരെ 39 റൺ. കഴിഞ്ഞ ഐപിഎല്ലിൽ 17 കളിയിൽ 458 റണ്ണടിച്ചു.  ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌, ദിനേശ്‌ കാർത്തിക്‌, അക്‌സർ പട്ടേൽ എന്നിവരെല്ലാം ലോകകപ്പ്‌ സ്വപ്നംകണ്ടാണ്‌ ഇറങ്ങുന്നത്‌. പരിക്കുമാറിയെത്തുന്ന സൂര്യകുമാർ യാദവിനും നിർണായകമാണ്‌. വൈസ്‌ ക്യാപ്‌റ്റൻ ഭുവനേശ്വർ കുമാറാണ്‌ പേസ്‌നിര നയിക്കുക. ആൻഡ്രു ബാൽബെണി നയിക്കുന്ന അയർലൻഡ്‌ നിരയിൽ മുതിർന്ന താരം പോൾ സ്‌റ്റെലിങ്ങുണ്ട്‌. സാധ്യതാ ടീം ഇന്ത്യ: ഇഷാൻ കിഷൻ, ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌, സൂര്യകുമാർ യാദവ്‌, സഞ്ജു സാംസൺ, ഹാർദിക്‌ പാണ്ഡ്യ, ദിനേശ്‌ കാർത്തിക്‌, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ്‌ ഖാൻ/അർഷ്‌ദീപ്‌ സിങ്‌/ഉമ്രാൻ മാലിക്‌, യുസ്‌വേന്ദ്ര ചഹാൽ. അയർലൻഡ്‌: ആൻഡ്രു ബാൽബെണി, ഗാരെത്‌ ഡെലനി, ഹാരി ടെക്ടർ, ലൊർകൻ ടക്കെർ, കുർടിസ്‌ കാംഫെർ, ആൻഡി മക്‌ബ്രൈൻ, ജോർജ്‌ ഡൊക്‌റെൽ, മാർക്‌ അദയ്‌ർ, ബാരി മക്‌കാർത്തി, ജോഷ്വ ലിറ്റിൽ Read on deshabhimani.com

Related News