ഖവാജ 
ദിനം ; നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്ക്‌ മികച്ച തുടക്കം

image credit bcci twitter


അഹമ്മദാബാദ്‌ സ്‌പിന്നർമാരുടെ പറുദീസ വിട്ട്‌ ഇന്ത്യൻ ടെസ്‌റ്റിലൊരു ബാറ്റിങ്‌ ദിനം. അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ബാറ്റർമാർ തെളിഞ്ഞപ്പോൾ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക്‌ മികച്ച തുടക്കം. ഉസ്‌മാൻ ഖവാജ സെഞ്ചുറിയുമായി തിളങ്ങി. ഓസീസ്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 255 റണ്ണാണെടുത്തത്‌. ആദ്യ മൂന്ന്‌ ടെസ്‌റ്റിലെ പിച്ചുകൾപോലെയായിരുന്നില്ല അഹമ്മദാബാദിൽ. ബാറ്റർമാരുടെ വിളനിലമായി. ഖവാജ അതിൽ വേരാഴ്‌ത്തി. 251 പന്തിൽ 104 റണ്ണുമായി ഖവാജ ക്രീസിലുണ്ട്‌. 64 പന്തിൽ 49 റണ്ണുമായി കാമറൂൺ ഗ്രീനാണ്‌ കൂട്ട്‌. ടോസ്‌ നേടിയ സ്‌റ്റീവൻ സ്‌മിത്ത്‌ ബാറ്റിങ്‌ തെരഞ്ഞെടുത്തു. ട്രവിസ്‌ ഹെഡും ഖവാജയും നല്ല തുടക്കം നൽകി. ഇതിനിടെ ഹെഡിനെ വിക്കറ്റ്‌ കീപ്പർ കെ എസ്‌ ഭരത്‌ വിട്ടുകളഞ്ഞു. ഒന്നാംവിക്കറ്റിൽ 50 റണ്ണിന്റെ കൂട്ടുകെട്ടും ഇവരുണ്ടാക്കി. അഞ്ചുവർഷത്തിനിടെ നാലാമത്തെ ടീംമാത്രമാണ്‌ ഇന്ത്യക്കെതിരെ ഇന്ത്യയിൽ ഒന്നാംവിക്കറ്റിൽ 50 റൺ കൂട്ടുകെട്ടുണ്ടാക്കുന്നത്‌. 44 പന്തിൽ 32 റണ്ണെടുത്ത ഹെഡിനെ പുറത്താക്കി ആർ അശ്വിനാണ്‌ ഇന്ത്യക്ക്‌ ആശ്വാസം നൽകിയത്‌. തുടർന്നെത്തിയ മാർണസ്‌ ലബുഷെയ്‌നിനെ മുഹമ്മദ്‌ ഷമി ബൗൾഡാക്കിയപ്പോൾ ഓസീസ്‌ ഒന്ന്‌ പതറിയതാണ്‌. എന്നാൽ, ഖവാജയും സ്‌മിത്തും ചേർന്ന്‌ അവരെ കയറ്റി. പതുക്കെയാണെങ്കിലും അവർ ഇന്ത്യൻ ബൗളർമാർക്കുമേൽ ആധിപത്യം കാട്ടി. എന്നാൽ, സ്‌മിത്തിന്‌ കിട്ടിയ മുൻതൂക്കം മുതലാക്കാനായില്ല. രവീന്ദ്ര ജഡേജ ക്യാപ്‌റ്റനെ ബൗൾഡാക്കി. പീറ്റർ ഹാൻഡ്‌സ്‌കോമ്പിനെ (17) ബൗൾഡാക്കി ഷമി ഇന്ത്യയെ കളിയിൽ തിരികെ കൊണ്ടുവന്നു. പക്ഷേ, ഖവാജ മെരുങ്ങിയില്ല. അവസാന ഓവറുകളിൽ ആക്രമണാത്മകമായി ബാറ്റ്‌ വീശിയ ഈ ഇടംകൈയൻ സെഞ്ചുറി പൂർത്തിയാക്കി. ആദ്യദിനത്തിലെ അവസാന ഓവറിലായിരുന്നു നേട്ടം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറാമത്തെമാത്രം ബാറ്ററാണ്‌ ഇന്ത്യൻ മണ്ണിൽ സെഞ്ചുറി നേടുന്നത്‌. 15 ഫോർ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ഗ്രീൻ എട്ട്‌ ഫോറുകൾ പായിച്ചു. ഇന്ത്യക്കുവേണ്ടി ഷമി രണ്ട്‌ വിക്കറ്റെടുത്തപ്പോൾ അശ്വിനും ജഡേജയും ഓരോ വിക്കറ്റ്‌ നേടി. Read on deshabhimani.com

Related News