ജയിക്കാൻ 324 റൺ ; മഴ കനിയണം



ബ്രിസ്ബെയ്ൻ കനത്ത മഴ പ്രവചിക്കുന്ന ഗാബ സ്റ്റേഡിയത്തിൽ നിർണായകമായ നാലാം ടെസ്റ്റ് ജയിക്കാൻ ഇന്ത്യക്ക് 324 റൺ വേണം. ഒരു പകലും പത്ത് വിക്കറ്റും കൈയിലുണ്ട്. എന്നാൽ ഇന്ന് മഴയ്‌ക്കുള്ള സാധ്യത 50–80 ശതമാനം വരെയാണ്. നാലാംദിവസം മഴമൂലം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്ണെടുത്തു. രോഹിത് ശർമയ്‌ക്കൊപ്പം (4) റണ്ണെടുക്കാതെ ശുഭ്മാൻ ഗില്ലാണ് ക്രീസിൽ. സ്കോർ: ഓസ്ട്രേലിയ 369, 294. ഇന്ത്യ 336, 0–4. വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്ണുമായി ബാറ്റിങ് തുടങ്ങിയ ഓസീസിനെ അഞ്ചു വിക്കറ്റെടുത്ത പേസർ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ശർദുൾ താക്കൂറും തടഞ്ഞു. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 294 റണ്ണിൽ അവസാനിച്ചു. മൂന്നാം ടെസ്റ്റ് കളിക്കുന്ന സിറാജ് 19.5 ഓവറിൽ 73 റൺ വഴങ്ങിയാണ് ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. രണ്ടാം ടെസ്റ്റിനിറങ്ങിയ ശർദുൾ 19 ഓവറിൽ 61 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. കന്നി ടെസ്റ്റിനിറങ്ങിയ വാഷിങ്ടൺ സുന്ദറിന് ഒരു വിക്കറ്റുണ്ട്. ഡേവിഡ് വാർണറും (48) മാർകസ് ഹാരിസും (38) ചേർന്ന് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും 89 റണ്ണടിച്ചു. എന്നാൽ, ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ട് 4–123 ആയി. സ്റ്റീവൻ സ്മിത്തും (55) കാമറൂൺ ഗ്രീനും (37) ചേർന്നാണ് സ്കോർ ഉയർത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 73 റൺ നേടി. ജയിക്കാൻ 328 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 1.5 ഓവർ ബാറ്റ് ചെയ്തപ്പോഴേക്കും മഴയെത്തി. ഓരോ ടെസ്റ്റ് ജയിച്ച് ഇരുടീമുകളും 1–1 സമനിലയിലാണ്. Read on deshabhimani.com

Related News