@ഐ ലീഗ്‌ ഫുട്‌ബോൾ ഗോകുലത്തിന്‌ ജയത്തുടക്കം



മഞ്ചേരി ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിക്ക്‌ ജയത്തോടെ തുടക്കം. പൊരുതിക്കളിച്ച കൊൽക്കത്ത മുഹമ്മദൻസിനെ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ ഗോകുലത്തിന്റെ വിജയക്കുതിപ്പ്‌. 57–-ാംമിനിറ്റിൽ കാമറൂൺ താരം ബോം സോമലാഗയാണ്‌ ആതിഥേയർക്കായി ലക്ഷ്യംകണ്ടത്‌. ഹാട്രിക്‌ കിരീടം ലക്ഷ്യമിടുന്ന ഗോകുലത്തിന്‌ ആദ്യകളിയിലെ ജയം ലീഗിലെ തുടർമത്സരങ്ങൾക്ക്‌ ആത്മവിശ്വാസം പകരുന്നതായി. പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ആദ്യപകുതിയിൽ പന്ത്‌ വലയിലെത്തിക്കാൻ ഇരുടീമുകൾക്കുമായില്ല. രണ്ടാംപകുതിയിൽ ഇരുടീമുകളും ഉണർന്നതോടെ കളി ആവേശത്തിലായി. ബോം സോമലാഗയും അഫ്‌ഗാനിസ്ഥാൻ താരം ഫർഷാദ്‌ നൂറും മികച്ച പാസുകളുമായി മുന്നേറിയപ്പോൾ മുഹമ്മദൻസ്‌ പ്രതിരോധം പലവട്ടം ആടിയുലഞ്ഞു. ഇടവേള കഴിഞ്ഞ്‌ ഇരുവരുടെയും മുന്നേറ്റത്തിന്‌ ഫലമുണ്ടായി. മുഹമ്മദൻസ്‌ ബോക്‌സിനുള്ളിൽ പ്രതിരോധക്കാരിൽനിന്ന്‌ പന്തുപിടിച്ചെടുത്ത സോമലാഗ അത്‌ നൂറിന്‌ മറിച്ചുനൽകി. മുന്നോട്ടുകയറിയ സോമലാഗയുടെ കാലിലേക്ക്‌ നൂർ പന്ത്‌ തിരിച്ചുനൽകി. സോമലാഗ ഉതിർത്ത ഷോട്ട്‌ പ്രതിരോധക്കാരൻ ഉസ്‌മാനേ കാർഡിനലിന്റെ കാലിൽ ഉരസി വലയിലേക്ക്‌. 18ന ഐസ്വാൾ എഫ്‌സി്യുമായാണ് അടുത്ത കളി. Read on deshabhimani.com

Related News