വീണ്ടും ഗോകുലം; ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാംതവണയും



കൊൽക്കത്ത > വീണ്ടും ഗോകുലം. ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാംതവണയും സ്വന്തമാക്കി ചരിത്രനേട്ടം. അവസാനമത്സരത്തിൽ കൊൽക്കത്ത മുഹമ്മദൻസിനെ 2–-1ന്‌ പരാജയപ്പെടുത്തി. ആദ്യമായാണ് ഒരു ക്ലബ് ഐ ലീഗ് കിരീടം രണ്ടാംതവണ സ്വന്തമാക്കുന്നത്. രണ്ടു മലയാളിതാരങ്ങളുടെ ബൂട്ടിൽ പിറന്ന ഗോളുകളാണ്‌ വിജയമൊരുക്കിയത്‌. ആദ്യപകുതിയിൽ ഇരുടീമും ഗോളടിച്ചില്ല. മുഹമ്മദ് റിഷാദും (49) എമിൽ ബെന്നിയും (61) ഗോകുലത്തിനായി ലക്ഷ്യംകണ്ടു. അസ്ഹറുദ്ദീൻ മാലിക് (57) ആശ്വാസഗോൾ നേടി.  ഈ സീസണിൽ 18 മത്സരം കളിച്ച ഗോകുലം ഒറ്റക്കളിയിലാണ്‌ തോറ്റത്‌. കിരീടം നിലനിർത്താൻ സമനില മതിയായിരുന്ന ഗോകുലം ശ്രദ്ധയോടെയാണ്‌ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനാൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദില്ലായിരുന്നു. പ്രതിരോധതാരം അമിനോ ബൗബയാണ്‌ നയിച്ചത്.  സസ്‌പെൻഷനിലായ എം എസ്‌ ജിതിനും ഇറങ്ങിയില്ല. രണ്ടാംപകുതി തുടങ്ങിയ ഉടൻ മുഹമ്മദ് റിഷാദിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തി. എട്ടു മിനിറ്റിൽ സമനില വന്നു. അസ്ഹറുദ്ദീൻ മാലിക്കിന്റെ കിക്കിൽ വല കുലുങ്ങി. സമനിലയായതോടെ കളിക്ക്‌ വാശികൂടി. ഇതിനിടെ ഗോകുലം മുന്നേറ്റതാരം ജോർദാൻ ഫ്ലച്ചറിന് പരിക്കേറ്റു. പകരം ശ്രീക്കുട്ടനെത്തി. വൈകാതെ എമിൽ ബെന്നി വിജയഗോൾ നേടി. സ്വന്തം കാണികൾക്കുമുന്നിൽ കിരീടം വേണമെന്ന വാശിയിൽ മുഹമ്മദൻസ്‌ പൊരുതിയതോടെ ഗോകുലം ഗോൾമുഖത്ത്‌ സമ്മർദമായി.  പ്രതിരോധക്കാരൻ അമിനോ ബൗബയും ഗോൾ കീപ്പർ രക്ഷിത് ദകറും ചേർന്ന് മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.   Read on deshabhimani.com

Related News