സൂപ്പർപ്പോര്‌ കോഴിക്കോട്ടും മഞ്ചേരിയിലും ; ഏപ്രിൽ മൂന്നുമുതൽ



  കോഴിക്കോട്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്റെ മൂന്നാംപതിപ്പ്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലും ഏപ്രിൽ മൂന്നിന്‌ തുടങ്ങും. ഐ ലീഗിലെ 10 ടീമുകളും ഐഎസ്‌എല്ലിലെ 11 ടീമുകളും അണിനിരക്കും. ഐ ലീഗിലെ 10 ടീമുകൾ ആദ്യം നോക്കൗട്ട്‌ റൗണ്ടിൽ ഏറ്റുമുട്ടും. ഏപ്രിൽ മൂന്ന്, അഞ്ച്‌, ആറ്‌ തീയതികളിൽ കോഴിക്കോട്ടാണ്‌ ഈ മത്സരങ്ങൾ. ആദ്യമത്സരം ഐലീഗിലെ ഒമ്പതും പത്തും സ്ഥാനക്കാർ തമ്മിലാണ്‌. ഐ ലീഗ്‌ മത്സരങ്ങൾ പൂർത്തിയായാലേ ടീമുകൾ ഏതൊക്കെയെന്ന്‌ വ്യക്തമാകൂ. അഞ്ച്‌ ടീമുകൾക്കാണ്‌ യോഗ്യത. അവ ഉൾപ്പെടെ 16 ടീമുകൾ ഏപ്രിൽ എട്ടുമുതൽ നാല്‌ ഗ്രൂപ്പുകളിലായി  സൂപ്പർ കപ്പിനായി ഏറ്റുമുട്ടും.  ഗ്രൂപ്പ്‌ എ, സി മത്സരങ്ങൾ കോഴിക്കോട്ടും ഗ്രൂപ്പ്‌ ബി, ഡി മത്സരങ്ങൾ മഞ്ചേരിയിലുമാണ്‌. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങൾ കോഴിക്കോട്ട്‌ നടക്കും. ബംഗളൂരു എഫ്‌സിയും ഇതേഗ്രൂപ്പിലാണ്‌. ഐഎസ്‌എലിനുശേഷം ഇരുടീമുകളും മുഖാമുഖം വരുന്നുവെന്ന സവിശേഷതയുണ്ട്‌. ഏപ്രിൽ 16നാണ്‌ ഈ മത്സരം. സൂപ്പർകപ്പിനായി കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റുകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കും. വൈകിട്ട്‌ അഞ്ചരയ്‌ക്കും രാത്രി എട്ടരയ്‌ക്കുമാണ്‌ കളികൾ.  ഏപ്രിൽ 21നും 22നും സെമിഫൈനൽ നടക്കും. ഏപ്രിൽ 25ന്‌ ഫൈനൽ കോഴിക്കോട്ടാണ്‌. ജേതാക്കൾ എഎഫ്‌സി കപ്പിന്‌ യോഗ്യത നേടും. സൂപ്പർ കപ്പിന്റെ പ്രഖ്യാപനച്ചടങ്ങിൽ മേയർ ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരൻ, കെഎഫ്എ പ്രസിഡന്റ്‌ ടോം ജോസ്‌ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News