ഇന്ത്യൻ വനിതാ ലീഗ്‌ ; ഷൂട്ടൗട്ടിൽ ഗോകുലം , മൂന്ന്‌ കിക്കും തടഞ്ഞ്‌ ഗോളി 
ബിയാട്രിസ്‌ ജയമൊരുക്കി

പെനൽറ്റി കിക്ക് തടയുന്ന ഗോകുലം ഗോളി ബിയാട്രിസ്‌ എന്റിവ എൻകെറ്റിയ image credit gokulam kerala twitter


അഹമ്മദാബാദ്‌ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള ഇന്ത്യൻ വനിതാ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ. ഷൂട്ടൗട്ടുവരെ നീണ്ട ആവേശപ്പോരിൽ ഒഡിഷ എഫ്‌സിയെ 3–-0ന്‌ വീഴ്‌ത്തി. നിശ്ചിതസമയത്ത്‌ ഇരുടീമുകളും ഓരോ ഗോളടിച്ച്‌ പിരിഞ്ഞു. അധികസമയം ഇല്ലാതെ മത്സരം നേരിട്ട്‌ പെനൽറ്റി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ഒഡിഷയുടെ ആദ്യ മൂന്ന്‌ കിക്കുകളും തട്ടിയകറ്റി ഘാനക്കാരി ഗോളി ബിയാട്രിസ്‌ എന്റിവ എൻകെറ്റിയാണ്‌ ഗോകുലത്തിന്‌ ജയം സമ്മാനിച്ചത്‌. ആശാലത ദേവി, സബിത്ര ഭണ്ഡാരി, ഇന്ദുമതി കതിരേശൻ എന്നിവർ ചാമ്പ്യൻമാർക്കായി മൂന്നും വലയിലെത്തിച്ചു. വെള്ളിയാഴ്‌ച നടക്കുന്ന സെമിയിൽ മണിപ്പുരിൽനിന്നുള്ള ഈസ്‌റ്റേൺ സ്‌പോർട്ടിങ്‌ യൂണിയനാണ്‌ ഗോകുലത്തിന്റെ എതിരാളി. രണ്ടാംസെമിയിൽ സേതു മധുര എഫ്‌സിയും കർണാടക ക്ലബ്ബായ കിക്ക്‌സ്റ്റാർട്ട്‌ എഫ്‌സിയും ഏറ്റുമുട്ടും. ഗ്രൂപ്പുഘട്ടത്തിൽ ചാമ്പ്യൻമാരായി, 53 ഗോൾ വർഷിച്ചെത്തിയ ഗോകുലം ക്വാർട്ടറിൽ ഒഡിഷയോട്‌ വിയർത്തു. ക്യാപ്‌റ്റനും ഇന്ത്യൻ മുന്നേറ്റക്കാരിയുമായ ബാലാദേവിയിലൂടെ രണ്ടാംമിനിറ്റിൽ അവർ മുന്നിലെത്തി. പിന്നാലെ കടുത്ത പ്രതിരോധത്തിലൂടെ ഗോകുലത്തെ തളയ്‌ക്കുകയും ചെയ്‌തു. എന്നാൽ, ഇടവേളയ്‌ക്കുമുമ്പേ ഗോകുലം തിരിച്ചടിച്ചു. സബിത്രയും ഇന്ദുമതിയും ചേർന്ന നീക്കത്തിനൊടുവിൽ റോജ ദേവി സമനില നൽകി. രണ്ടാംപകുതിയുടെ തുടക്കവും ഗോകുലത്തിന്‌ തിരിച്ചടി കിട്ടി. രണ്ടാം മഞ്ഞക്കാർഡ്‌ കണ്ട്‌ രഞ്ജന ചാനു കളംവിട്ടു. പത്തുപേരായി ചുരുങ്ങിയിട്ടും ഒഡിഷ ആക്രമണങ്ങളെ ചെറുത്ത്‌ ഗോകുലം കളി ഷൂട്ടൗട്ടിൽ എത്തിച്ചു. അഞ്ജു തമാങ്‌, ബാലാ ദേവി, പ്യാരി കാക എന്നിവരുടെ കിക്കുകളാണ്‌ ബിയാട്രിസ്‌ തടഞ്ഞത്‌. Read on deshabhimani.com

Related News