ഐ ലീഗിന് ഇന്ന് തുടക്കം; ഗോകുലം ചെന്നൈയോട്



കൊല്‍ക്കത്ത > ഐ ലീഗ് ഫുട്ബോളിന് ഇന്ന് കൊടിയേറ്റം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിയ ലീഗിന് കൊല്‍ക്കത്തയാണ് വേദി. ആദ്യ ദിനം മൂന്ന് കളികളാണ്. ഉദ്ഘാടന മത്സരത്തില്‍, വൈകിട്ട് നാലിന് കൊല്‍ക്കത്ത മുഹമ്മദന്‍സ് സുദേവ ഡല്‍ഹി എഫ്സിയുമായി ഏറ്റുമുട്ടും. ഇരു ടീമുകളുമാണ് ഇത്തവണ പുതുതായി ഇടംപിടിച്ചവര്‍. രാത്രി ഏഴിന് ഗോകുലം കേരള അയല്‍ക്കാരായ ചെന്നൈ സിറ്റി എഫ്സിയെ നേരിടും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ പാതിയില്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചിരുന്നു. പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയും ചെയ്തു. ഗോകുലം ആറാമതായി. ഐഎസ്എലിലേക്ക് ഇടംകിട്ടിയ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ്ബംഗാളും എടികെയുമായി ലയിച്ച ബഗാനും ഇല്ലാതെയാണ് ഇത്തവണ ഐ ലീഗ്. അടിമുടി മാറ്റവുമായാണ് ലീഗ് എത്തുന്നത്. കോവിഡ് കാരണം ഘടനയില്‍ അഴിച്ചുപണി നടത്തി. ആദ്യം 11 ടീമുകളും ഒരുവട്ടം പരസ്പരം ഏറ്റുമുട്ടും. പിന്നീട് പോയിന്റിന്റെ അടിസ്ഥാനത്തില്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ എത്തിയവരെ എ ഗ്രൂപ്പായും അവസാന അഞ്ചുകാരെ ബി ഗ്രൂപ്പുമായും തിരിക്കും. ഈ ഗ്രൂപ്പുകളില്‍നിന്ന് വീണ്ടും പരസ്പരം കളിക്കും. എ ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന ടീം ചാമ്പ്യന്‍മാരാകും. ബി ഗ്രൂപ്പില്‍ അവസാനക്കാര്‍ തരംതാഴ്ത്തപ്പെടും. സാള്‍ട്ട്ലേക്ക്, മോഹന്‍ ബഗാന്‍ ഗ്രൗണ്ട്, കല്യാണി, കിഷോര്‍ ഭാരതി ക്രിയാന്‍ഗന്‍ എന്നീ നാല് സ്റ്റേഡിയങ്ങളിലാണ് കളി. കാണികള്‍ക്ക് പ്രവേശനമില്ല. ഇറ്റാലിയന്‍ പരിശീലകന്‍ വിസെന്‍സോ ആല്‍ബര്‍ട്ടോയ്ക്കു കീഴിലാണ് ഗോകുലം കന്നികിരീടം ലക്ഷ്യമിട്ടെത്തുന്നത്. പോയ സീസണുകളില്‍ കുതിപ്പു പകര്‍ന്ന മാര്‍കസ് ജോസഫ് ഇത്തവണ ടീമിലില്ല. പകരം ഘാനക്കാരന്‍ ഡെന്നീസ് ആന്‍ട്വി, അവാല്‍ മുഹമ്മദ് എന്നിവരിലാണ് പ്രതീക്ഷ. അവാലാണ് ക്യാപ്റ്റന്‍. മലയാളി താരം സി കെ ഉബൈദ് വൈസ് ക്യാപ്റ്റനുമാണ്. മുമ്പെങ്ങുമില്ലാത്തതരത്തില്‍ മലയാളികളും ടീമിലുണ്ട്. ആകെ 24ല്‍ 11ഉം മലയാളികളാണ്. ഐഎഫ്എ ഷീല്‍ഡ് കളിച്ച് കൊല്‍ക്കത്തയില്‍ തുടരുകയായിരുന്നു ടീം. ടീം: ഗോളി: സി കെ ഉബൈദ്, വിഘ്നേശ്വര്‍ ഭാസ്‌കരന്‍, പി എ അജ്മല്‍. പ്രതിരോധം: അലക്സ് സാജി, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്റ്റിന്‍ ജോര്‍ജ്, നവോച്ച സിങ്, സോഡിങ്ലിയാന, സെബാസ്റ്റ്യന്‍, മുഹമ്മദ് അവാല്‍ (ക്യാപ്റ്റന്‍). മധ്യനിര: മുഹമ്മദ് റാഷിദ്, ഷിബില്‍ മുഹമ്മദ്, മുത്തു മായകണ്ണന്‍, കെ സല്‍മാന്‍, വിന്‍സി ബാരെറ്റോ, താഹിര്‍ സല്‍മാന്‍, എം എസ് ജിതിന്‍. മുന്നേറ്റം: എമില്‍ ബെന്നി, ഫിലിപ്പ് അഡ്ജ, ഡെന്നീസ് ആന്‍ട്വി, റൊണാള്‍ഡ് സിങ്, ലാല്‍റോമാവിയ. Read on deshabhimani.com

Related News