ഈ യന്ത്രം പണിമുടക്കിലാണ്‌

image credit FIFA WORLD CUP twitter


ലോക ഫുട്‌ബോളിലെ അതികായനാണ്‌ നിലംപതിച്ചത്‌. നാലുതവണ ചാമ്പ്യൻമാർ, നാലുതവണ റണ്ണറപ്പ്‌, നാലുതവണ മൂന്നാംസ്ഥാനം. ജർമനിയുടെ ലോകകപ്പ്‌ ഫുട്‌ബോൾ ചരിത്രം ഇതുവരെ രേഖപ്പെടുത്തിയത്‌ ഇങ്ങനെയായിരുന്നു. ‘ഫുട്‌ബോൾ ഒരു ലളിതമായ കളിയാണ്‌. 22 പേർ ഒരു പന്തിനായി 90 മിനിറ്റ്‌ പോരടിക്കുന്നു. അവസാനം എല്ലായ്‌പ്പോഴും ജർമനി ജയിക്കുന്നു’–- മുൻ ഇംഗ്ലണ്ട്‌ താരം ഗാരി ലിനേക്കർ ഒരുതവണ ഇങ്ങനെ കുറിച്ചു. എന്നാൽ, കഴിഞ്ഞദിവസം ലിനേക്കർ അത്‌ തിരുത്തി. ആ പ്രയോഗം മരിച്ചുവെന്നായിരുന്നു ലിനേക്കറുടെ പ്രതികരണം. അടിവേരിളകി എന്നായിരുന്നു ടീമിന്റെ പുറത്താകലിനെക്കുറിച്ച്‌ ജർമൻ പത്രങ്ങൾ വിശേഷിപ്പിച്ചത്‌. തുടർച്ചയായ രണ്ട്‌ ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായ പതനത്തിന്റെ ആഴമാണ്‌ അവരെ വേദനിപ്പിക്കുന്നത്‌. അതിനുംമുമ്പ്‌ തുടർച്ചയായ 16 ലോകകപ്പുകളിൽ ആദ്യ റൗണ്ട്‌ ജർമനി അനായാസം കടന്നിട്ടുണ്ട്‌. 2014ൽ ചാമ്പ്യൻമാരായി, 2018ൽ ആദ്യ റൗണ്ടിൽ മടങ്ങുമ്പോൾ തലമുറ കൈമാറ്റത്തിലെ ഇടർച്ചമാത്രമാണെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, നാല്‌ വർഷങ്ങൾക്കിപ്പുറവും അതാവർത്തിക്കുമ്പോൾ പരിക്ക്‌ ഗുരുതരമെന്ന്‌ ജർമനി തിരിച്ചറിയുന്നു. 2024ൽ സ്വന്തം നാട്ടിൽ നടക്കുന്ന യൂറോയിൽ തിരിച്ചുവരാമെന്ന്‌ അവർ പ്രതീക്ഷിക്കുന്നു. ഖത്തർ ലോകകപ്പ്‌ ഗ്രൂപ്പ്‌ ഇയിൽ അവസാനകളിയിൽ കോസ്‌റ്ററിക്കയെ 4–-2ന്‌ തോൽപ്പിച്ചതൊന്നും ജർമനിയെ സഹായിച്ചില്ല. ആദ്യകളിയിൽ ജപ്പാനോടേറ്റ തോൽവിയിൽത്തന്നെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. സ്പെയ്‌നുമായുള്ള സമനിലയിലും പ്രത്യേകിച്ചൊന്നുമുണ്ടായില്ല. അവസാനകളിയിൽ ജപ്പാൻ സ്‌പെയ്‌നിനെയും തോൽപ്പിച്ചതോടെ ജർമനിയുടെ പതനം പൂർണമായി. വിമർശനങ്ങൾ ഏറെ ഉയർന്നു. പരിശീലകൻ ഹാൻസി ഫ്ലിക്കിനെതിരെ ആദ്യം രംഗത്തുവന്നത്‌ മുൻ താരം ബാസ്‌റ്റിൻ ഷ്വെയ്‌ൻസ്‌റ്റീഗറായിരുന്നു. എതിരാളികളെ സ്വന്തം ഗോൾമുഖത്തേക്ക്‌ ക്ഷണിച്ചുവരുത്തുന്ന രീതിയാണ്‌ ഫ്ലിക്കിന്റേത്‌ എന്നായിരുന്നു 2014ലെ ചാമ്പ്യൻ ടീമിലെ അംഗമായ ഷ്വെയ്‌ൻസ്‌റ്റീഗറുടെ പ്രതികരണം. ഫ്ലിക്ക്‌, ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളാക്കിയ പരിശീലകനാണ്‌. ജോക്വിം ലോയുടെ കൈയിൽനിന്ന്‌ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോൾ ഫ്ലിക്കിൽ പ്രതീക്ഷകൾ ഏറെയായിരുന്നു. മുപ്പത്താറുകാരനായ ഗോൾ കീപ്പർ മാനുവൽ നോയെ, മുന്നേറ്റതാരം തോമസ്‌ മുള്ളർ, മരിയോ ഗോട്‌സെ, ഇകായ്‌ ഗുൺഡോവൻ എന്നിവർക്കെല്ലാം ഇത്‌ അവസാന ലോകകപ്പായിരിക്കും. ജമാൽ മുസിയാലയെന്ന ഒറ്റ നക്ഷത്രമാണ്‌ ഈ ലോകകപ്പിൽ ജർമനിയുടെ വെളിച്ചം. ഗ്രൂപ്പ് ഇയിലെ അവസാനകളി നാടകീയമാക്കിയത് കോസ്റ്ററിക്കയുടെ അപ്രതീക്ഷിത കുതിപ്പാണ്. സെർജി നാബ്രിയുടെ ഹെഡറിലൂടെ ജർമനി ലീഡ് നേടി. യെൽസിൻ തേജാദ സമനില കണ്ടെത്തി. ജർമൻ ഗോളി മാനുവൽ നോയെയുടെ പിഴവിൽനിന്ന് കോസ്റ്ററിക്ക മുന്നിലെത്തി. അത് തുടർന്നിരുന്നെങ്കിൽ ജർമനിക്കൊപ്പം സ്പെയ്നും പുറത്തുപോയേനെ. എന്നാൽ, പകരക്കാരനായി ഇറങ്ങിയ കയ് ഹാവെർട്സിന്റെ ഇരട്ടഗോളിൽ ജർമനി കളി തിരിച്ചുപിടിച്ചു. മറ്റൊരു പകരക്കാരൻ നിക്ലാസ് ഫുൾക്രുഗ് പട്ടിക പൂർത്തിയാക്കി. പക്ഷേ അപ്പോഴേക്കും ജപ്പാന്റെ സ്പാനിഷ് വധം പൂർത്തിയായിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു ജർമൻ താരങ്ങൾ കളംവിട്ടത്‌. ഫുട്‌ബോളിലെ അപൂർവകാഴ്‌ച. ഒരേ താളത്തിൽ ചലിക്കുന്ന യന്ത്രമായിരുന്നു ജർമനി. ലക്ഷ്യത്തിലേക്കുള്ള വഴികളിൽ അത്‌ പണിമുടക്കിയിരിക്കുന്നു. Read on deshabhimani.com

Related News