ലോകകപ്പ്‌ കാണാൻ കളിമുണ്ട്‌ !



മലയാളികളെക്കൊണ്ട്‌ തോറ്റു! ലോകകപ്പ്‌ കാണാനെത്തുന്നവർക്ക്‌ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി നിറത്തിൽ കളിമുണ്ട്‌ ഒരുക്കിയിരിക്കുകയാണ്‌ ഖത്തറിലെ നാലംഗസംഘം. അതിൽ മൂന്നുപേർ എൻജിനിയർമാരാണ്‌. ഒരാൾ ബിസിനസുകാരനും. ആലുവക്കാരനായ ഗോപാൽ എച്ച്‌ റാവു, തൃശൂർ സ്വദേശി ജോജി അംബൂക്കൻ, തലശേരിയിലെ അഭിലാഷ്‌ സി രവീന്ദ്രൻ, എറണാകുളത്തെ സിദ്ദിഖ്‌ സിറാജുദീൻ എന്നിവരാണ്‌ ഇതിനുപിന്നിൽ. ആദ്യത്തെ മൂന്നുപേരും തൃശൂർ ഗവ. എൻജിനിയറിങ് കോളേജ്‌ ഖത്തർ അലുമ്‌നിയായ QGET അംഗങ്ങളാണ്‌. ബ്രസീൽ, അർജന്റീന, ജർമനി, പോർച്ചുഗൽ, സ്‌പെയ്‌ൻ ടീമുകളുടെ മുണ്ടാണ്‌ തയ്യാറാക്കിയത്‌. മുണ്ടിന്‌ ആവശ്യക്കാരേറെ. മുണ്ടുടുത്ത്‌ സ്‌റ്റേഡിയത്തിൽ എത്തുന്നവർക്കും ഡിമാന്റുണ്ട്‌. അവരുടെകൂടെ ഫോട്ടോയെടുക്കാനാണ്‌ തിരക്ക്‌. മലയാളികൾ കൂടുതൽ കാണുന്ന ലോകകപ്പായതിനാൽ അവർക്കുവേണ്ടി എന്തുചെയ്യാനാകും എന്ന ആലോചനയിലാണ്‌ ഇത്‌ യാഥാർഥ്യമായതെന്ന്‌ ഗോപാൽ എച്ച്‌ റാവു പറഞ്ഞു. ആളുകൾ സ്‌റ്റേഡിയത്തിലേക്ക്‌ ഉടുക്കുക മാത്രമല്ല, ലോകകപ്പിന്റെ ഓർമയ്‌ക്ക്‌ വാങ്ങി സൂക്ഷിക്കുന്നുമുണ്ട്‌. കണ്ണൂരിലെ  മൊത്തവ്യാപാരികളായ ഗജാനന സൂപ്പർനെറ്റാണ്‌ ഇവരുടെ ഡിസൈൻപ്രകാരം മുണ്ട്‌ തയ്യാറാക്കിയത്‌. അവിടെനിന്ന്‌ ഖത്തറിൽ എത്തിക്കുകയായിരുന്നു. ഖത്തറിലെ സൂപ്പർമാർക്കറ്റുകളിൽ മുണ്ട്‌ ലഭ്യമാണ്‌. 50 മുതൽ 70 വരെ റിയാലാണ്‌ വില. അതായത്‌ ഒരുമുണ്ടിന്‌ 1100 രൂപമുതൽ 1500 രൂപവരെ. Read on deshabhimani.com

Related News